കൊച്ചി: ഇന്ത്യൻ തീരങ്ങളിൽ 2024-25 കാലയളവിൽ 161 സമുദ്ര സസ്തനികൾ കരയ്ക്കടിഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ പഠനറിപ്പോർട്ട്. കരയ്ക്കടിഞ്ഞ ജീവികളിൽ കൂടുതലും ഡോൾഫിനുകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തിമിംഗലങ്ങളും ഡോൾഫിനുകളും ഉൾപ്പെടെയുള്ള സമുദ്ര സസ്തനികൾ കൂടുതലായി കരയ്ക്കടിയുന്ന തീരപ്രദേശങ്ങൾ കണ്ടെത്തി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം.
സമുദ്ര സസ്തനികൾ കരയ്ക്കടിയുന്ന മേഖലകൾ കണ്ടെത്താൻ പഠനം
സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പഠനം. സ്ഥാപനത്തിന്റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ വിദഗ്ധരും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും വിവരശേഖരണത്തിൽ പങ്കാളികളായി.
കരയ്ക്കടിയുന്ന സമുദ്ര സസ്തനികളുടെ വിവരങ്ങൾ ശേഖരിക്കുകയും ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന തീരപ്രദേശങ്ങൾ തിരിച്ചറിയുകയുമായിരുന്നു ഗവേഷകരുടെ ലക്ഷ്യം.
അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു
കൊച്ചിയിലെ സി.എം.എഫ്.ആർ.ഐയിൽ നടക്കുന്ന അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണ് ഗവേഷകർ പഠനറിപ്പോർട്ട് അവതരിപ്പിച്ചത്. സമുദ്ര സസ്തനികളുടെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പഠനത്തിലെ കണ്ടെത്തലുകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.
മൂന്ന് ദിവസത്തെ സിമ്പോസിയം ഇന്ന് സമാപിക്കും
ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റിലെ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം, സി.എം.എഫ്.ആർ.ഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്ന് ദിവസത്തെ സിമ്പോസിയം സംഘടിപ്പിച്ചത്. പരിപാടി ഇന്ന് സമാപിക്കും.
English Summary:
A CMFRI study report states that 161 marine mammals were stranded along Indian coasts during 2024–25, with dolphins accounting for the majority. The study, led by senior scientist Dr. Ratheesh Kumar Ravindran, aims to identify coastal hotspots and strengthen conservation efforts. The findings were presented at an international marine symposium hosted by CMFRI in Kochi.
