facebook

വെറ്റലിന്റെ റെക്കോർഡ് പഴങ്കഥയായി; എഫ്1 കിരീടം നേടി കിമി ആന്റൊണെല്ലി

2 Min Read
ജേതാവായ കിമി അന്റോനെല്ലി

മെക്സിക്കോ സിറ്റി: ഫോർമുല വണ്ണിൽ ചരിത്രം കുറിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയൻ താരം കിമി ആന്റൊണെല്ലി.

മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് എഫ്1 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന നേട്ടം ആന്റൊണെല്ലി സ്വന്തമാക്കിയത്.

20 വയസ്സിൽ ലോകകിരീടം

സീസണിൽ നാല് റേസുകൾ കൂടി ശേഷിക്കെയാണ് 20 വയസ്സുകാരൻ ലോകകിരീടം ഉറപ്പിച്ചത്.20 വർഷവും 68 ദിവസവും പ്രായമുള്ളപ്പോഴാണ് ആന്റൊണെല്ലി ഈ നേട്ടത്തിലെത്തിയത്.

2010ൽ 23 വർഷവും 134 ദിവസവും പ്രായത്തിൽ ലോകകിരീടം നേടിയ സെബാസ്റ്റ്യൻ വെറ്റലിന്റെ റെക്കോർഡാണ് താരം മറികടന്നത്. മൂന്ന് വർഷവും 66 ദിവസവുമാണ് പഴയ റെക്കോർഡിനെക്കാൾ കുറഞ്ഞ പ്രായത്തിൽ ആന്റൊണെല്ലി കിരീടം നേടിയത്.

അസ്‌കാരിക്ക് ശേഷം

1953ൽ ആൽബർട്ടോ അസ്കാരിക്ക് ശേഷം ഫോർമുല വൺ ലോകചാമ്പ്യനാകുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറെന്ന നേട്ടവും ആന്റൊണെല്ലി സ്വന്തമാക്കി.

2025ൽ മെഴ്സിഡീസിലൂടെ എഫ്1 അരങ്ങേറ്റം കുറിച്ച താരത്തിന്റെ രണ്ടാമത്തെ സീസണാണിത്. ഈ സീസണിൽ ഒൻപത് റേസുകളിലാണ് ആന്റൊണെല്ലി വിജയിച്ചത്.

വെസ്റ്റപ്പനും ഹാമിൽട്ടനും മുൻനിരയിൽ

മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പനാണ് ഒന്നാമതെത്തിയത്. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ രണ്ടാം സ്ഥാനത്തെത്തി.

ആന്റൊണെല്ലി മൂന്നാം സ്ഥാനത്തും ചാൾസ് ലെക്ലെയർ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.മത്സരത്തിന് ഇറങ്ങുമ്പോൾ ഒൻപതാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്താൽ ആന്റൊണെല്ലിക്ക് കിരീടം ഉറപ്പിക്കാമായിരുന്നു.

നാലാം സ്ഥാനത്ത് നിന്ന് കുതിപ്പ്

സഹതാരം ജോർജ് റസ്സലോ ലൂയിസ് ഹാമിൽട്ടണോ വിജയിച്ചാലും ഒൻപതാം സ്ഥാനത്തെത്തിയാൽ കിരീടം നേടാമെന്ന നിലയിലായിരുന്നു താരം. തുടക്കത്തിൽ ലെക്ലെയർ, വെസ്റ്റാപ്പൻ, ഹാമിൽട്ടൺ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്തായിരുന്നു ആന്റൊണെല്ലി.

മുൻനിര താരങ്ങൾ പിറ്റ് സ്റ്റോപ്പിനായി കയറിയതോടെ താരം മുന്നിലെത്തി. തുടർന്ന് സേഫ്റ്റി കാർ എത്തുന്നതിന് തൊട്ടുമുമ്പ് ടയറുകൾ മാറ്റി.

2 തവണ അപകടം : ശേഷം വിജയം

മത്സരത്തിന്റെ 45-ാം ലാപ്പിൽ വാൽട്ടേരി ബോട്ടാസിന്റെ കാഡിലാക് കാർ ആദ്യ ടേണിൽ അപകടത്തിൽപ്പെട്ടതോടെ സേഫ്റ്റി കാർ വിന്യസിച്ചു. പിന്നീട് അപകടത്തെത്തുടർന്ന് മത്സരം റെഡ് ഫ്ലാഗ് ചെയ്ത് താൽക്കാലികമായി നിർത്തിവച്ചു.

പുനരാരംഭിച്ചപ്പോൾ വെസ്റ്റാപ്പനും ഹാമിൽട്ടണും ഒന്നാം സ്ഥാനത്തിനായി പോരാട്ടം തുടർന്നു. ഇതിനിടെ ചാൾസ് ലെക്ലെയറിനെ മറികടന്ന് ആന്റൊണെല്ലി മൂന്നാം സ്ഥാനത്തെത്തി.റേസ് അവസാനിക്കാൻ 12 ലാപ്പുകൾ ശേഷിക്കെ ഓസ്കാർ പിയാസ്ട്രിയുമായി കൂട്ടിയിടിച്ച് ആർവിഡ് ലിൻഡ്ബ്ലാഡിന്റെ റേസിങ് ബുൾസ് കാർ അപകടത്തിൽപ്പെട്ടു.

ഇതോടെ വീണ്ടും സേഫ്റ്റി കാർ എത്തി. അവസാന ഏഴ് ലാപ്പുകളിൽ മത്സരം പുനരാരംഭിച്ചപ്പോൾ വെസ്റ്റാപ്പൻ, ഹാമിൽട്ടൺ, ആന്റൊണെല്ലി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ഇതോടെ മെക്സിക്കോയിൽ ആന്റൊണെല്ലിയുടെ കിരീടനേട്ടം യാഥാർഥ്യമായി.

English Summary : Mercedes driver Kimi Antonelli became the youngest Formula One World Champion at the age of 20 years and 68 days after finishing third at the Mexico City Grand Prix. He broke Sebastian Vettel’s previous record by three years and 66 days, becoming the first Italian F1 champion since Alberto Ascari in 1953. Max Verstappen won the race, followed by Lewis Hamilton in second place.

Share This Article