ന്യൂഡൽഹി/ബെംഗളൂരു: ഇന്ത്യയുടെ ആദ്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നു. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബിഇഎംഎൽ) പ്ലാന്റിലാണ് ട്രെയിനിന്റെ നിർമാണം പുരോഗമിക്കുന്നത്. രാജ്യത്തെ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഇന്ത്യൻ എൻജിനീയർമാരാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 280 കിലോമീറ്റർ പരമാവധി പരീക്ഷണ വേഗത കൈവരിക്കാൻ ശേഷിയുള്ള ട്രെയിൻ മണിക്കൂറിൽ 249 കിലോമീറ്റർ വേഗത്തിലായിരിക്കും സർവീസ് നടത്തുക. ആധുനിക സാങ്കേതികവിദ്യയും യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും മുൻനിർത്തിയാണ് ഇതിന്റെ രൂപകൽപ്പന.
എട്ട് കോച്ചുകൾ; 557 യാത്രക്കാർക്ക് സഞ്ചരിക്കാം
നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളും ഉൾപ്പെടെ എട്ട് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ആകെ നീളം 202 മീറ്റർ. രണ്ട് ഭിന്നശേഷി സൗഹൃദ സീറ്റുകൾ ഉൾപ്പെടെ 557 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം.
ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളിൽ 3×2 സീറ്റിങ് ക്രമീകരണവും ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിൽ 2×2 സീറ്റിങ് ക്രമീകരണവുമാണ് ഒരുക്കുന്നത്. ട്രെയിനിന്റെ ഇരുവശങ്ങളിലും ഡ്രൈവർ ക്യാബുകളുണ്ടാകും. ഓപ്പറേഷൻ കൺട്രോൾ സെന്ററുമായി ഏകോപനം സാധ്യമാക്കുന്ന ഇന്റലിജന്റ് ഓൺബോർഡ് കൺട്രോൾ സംവിധാനവും ക്യാബുകളിൽ സജ്ജീകരിക്കും.
ഭാവിയിൽ രണ്ട് എട്ട് കോച്ച് ട്രെയിനുകൾ കൂട്ടിച്ചേർത്ത് 16 കോച്ചുകളുള്ള ട്രെയിനായി പ്രവർത്തിപ്പിക്കാനും സാധിക്കും.
വിശാലമായ സീറ്റുകളും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളും
യാത്രക്കാരുടെ സുഖകരമായ യാത്ര ഉറപ്പാക്കാൻ വിശാലമായ സീറ്റുകളും കാലുകൾ നീട്ടിവയ്ക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയാണ് ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോച്ചുകൾക്കിടയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ സഹായിക്കുന്ന സിംഗിൾ പീസ് ഗാങ്വേയും ട്രെയിനിലുണ്ടാകും.
ഭിന്നശേഷിക്കാർക്കായി ലെവൽ ബോർഡിങ് സൗകര്യം, പ്രത്യേക സീറ്റുകൾ, അനുയോജ്യമായ വാതിലുകൾ, ടോയ്ലറ്റുകൾ എന്നിവ ഒരുക്കും. കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് സഹായകമാകുന്ന ബ്രെയിൽ ലിപിയിലുള്ള സൂചനകളും സജ്ജീകരിക്കും.
വിശാലമായ ജനലുകൾ, ആധുനിക എൽഇഡി ലൈറ്റിങ്, മുകളിലെ ലഗേജ് റാക്കുകൾ എന്നിവയ്ക്കു പുറമേ വലിയ ലഗേജുകൾ സൂക്ഷിക്കാൻ പ്രത്യേക സ്റ്റാൻഡുകളും ഉണ്ടാകും. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ചാർജ് ചെയ്യാൻ ഓരോ യാത്രക്കാരനും വ്യക്തിഗത പവർ ഔട്ട്ലെറ്റുകളും ലഭ്യമാക്കും.
വൈഫൈ, ഇൻഫോടെയ്ൻമെന്റ്; യാത്രയ്ക്കിടെ വിവരങ്ങളും വിനോദവും
യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം ഒരുക്കും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ വിവരങ്ങൾ ലഭ്യമാക്കുന്ന എൽസിഡി ഡിസ്പ്ലേകൾ ക്യാബിനുകളിലുണ്ടാകും. പബ്ലിക് അഡ്രസ് സംവിധാനവും ഓട്ടോമാറ്റിക് അനൗൺസ്മെന്റ് സംവിധാനവും യാത്രയ്ക്കിടയിലെ അറിയിപ്പുകൾ നൽകും.
മുൻകൂട്ടി അപ്ലോഡ് ചെയ്ത വിനോദ പരിപാടികൾ ആസ്വദിക്കാൻ ഹൈസ്പീഡ് വൈഫൈ അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് സംവിധാനവും ലഭ്യമാകും. അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരുമായി ബന്ധപ്പെടാൻ യാത്രക്കാരുടെ ക്യാബിനുകളിലും വെസ്റ്റിബ്യൂളുകളിലും എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ സ്ഥാപിക്കും.
25 കെ.വി. വൈദ്യുതി; ഊർജക്ഷമതയ്ക്ക് റീജനറേറ്റീവ് ബ്രേക്കിങ്
25 കെ.വി. എ.സി. ഓവർഹെഡ് വൈദ്യുത സംവിധാനത്തിലാണ് ട്രെയിൻ പ്രവർത്തിക്കുക. ഊർജക്ഷമത വർധിപ്പിക്കാൻ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ഉപയോഗിക്കും. ബ്രേക്കിങ് സമയത്ത് ലഭിക്കുന്ന ഊർജം തിരിച്ചുപയോഗിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
ഓരോ കോച്ചിലും ഡ്യുവൽ യൂണിറ്റ് എച്ച്.വി.എ.സി. സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വർഷം മുഴുവൻ അനുയോജ്യമായ താപനിലയും ആർദ്രതയും നിലനിർത്താൻ കഴിയും. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ബയോ ടോയ്ലറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ശബ്ദവും വായുപ്രതിരോധവും കുറയ്ക്കാൻ എയറോഡൈനാമിക് രൂപകൽപ്പന
ട്രെയിനിന്റെ മുൻഭാഗവും ബോഡിയും വായുപ്രതിരോധം കുറയ്ക്കുന്ന എയറോഡൈനാമിക് രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചു. തുരങ്കങ്ങളിലൂടെ അതിവേഗത്തിൽ കടന്നുപോകുമ്പോൾ ഉണ്ടാകാവുന്ന വായുതരംഗങ്ങളും സോണിക് ബൂം എന്നറിയപ്പെടുന്ന ശക്തമായ ശബ്ദപ്രഭാവവും കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ബോഡിയിലും തറയുടെ ഘടനയിലും സൗണ്ട് ഇൻസുലേഷനും ശബ്ദം കുറയ്ക്കാനുള്ള പ്രത്യേക കോട്ടിങ്ങുകളും നൽകിയിട്ടുണ്ട്. ഇതിലൂടെ യാത്രയ്ക്കിടയിലെ ശബ്ദശല്യം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ ട്രെയിൻ ഇന്ത്യയുടെ റെയിൽ സാങ്കേതികവിദ്യയിലെ പുതിയ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
English Summary: India’s first indigenously designed bullet train is being manufactured at BEML’s Bengaluru plant for the Mumbai–Ahmedabad high-speed rail corridor. The eight-coach train is designed for a maximum test speed of 280 km/h and an operational speed of 249 km/h, with seating for 557 passengers and modern passenger amenities.
