കാക്കനാട് കലക്ടറേറ്റ് സമുച്ചയത്തിലെ ടീ സ്റ്റാളിൽ മണിക്കൂറുകളോളം ഉടമയില്ലാതെ കിടന്ന പൊതിയിൽ കണ്ടെത്തിയത് 70,000 രൂപ. പണം കണ്ടെടുത്ത ടീ സ്റ്റാൾ ഉടമ ടി.എം. നാസർ അത് സുരക്ഷിതമായി സൂക്ഷിച്ച് ഉടമയെ തേടുകയായിരുന്നു. ഒടുവിൽ പണം മറന്നുവച്ച വയോധിക ദമ്പതികൾ തിരിച്ചെത്തിയതോടെ തുക മുഴുവനായി കൈമാറി.
70,000 രൂപ അടങ്ങിയ പൊതി മേശപ്പുറത്ത്
ടീ സ്റ്റാൾ ജീവനക്കാരി ലിജി ശിവകുമാറാണ് മേശപ്പുറത്ത് ഏറെ നേരമായി കിടന്ന പൊതി ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഉടമയും ആലുവ യുസി കോളജ് സ്വദേശിയുമായ ടി.എം. നാസർ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് 70,000 രൂപ കണ്ടെത്തിയത്.
രാവിലെ ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങിയശേഷം ചായ കുടിക്കാനെത്തിയ വയോധിക ദമ്പതികളുടേതായിരുന്നു പണം.
തലചുറ്റലിനിടെ പണപ്പൊതി മറന്നു
ചായ കുടിക്കുന്നതിനിടെ ദമ്പതികളിൽ ഒരാൾക്ക് തലചുറ്റൽ അനുഭവപ്പെട്ടു. തുടർന്ന് നാസർ സഹായത്തിനെത്തി ഇരുവരെയും താങ്ങിയെടുത്ത് സമീപത്തെ ഓഫിസിൽ വിശ്രമിക്കാൻ ഇരുത്തുകയായിരുന്നു.
അതിനിടെയാണ് പണമടങ്ങിയ പൊതി ടീ സ്റ്റാളിലെ മേശപ്പുറത്ത് മറന്നുവച്ചത്. അസ്വസ്ഥത മാറിയതോടെ ദമ്പതികൾ പൊതി എടുക്കാൻ മറന്ന് വീട്ടിലേക്ക് മടങ്ങി.
ഇവർ പോയി ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മേശപ്പുറത്ത് പൊതി കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടമയെ തേടി പണം സുരക്ഷിതമായി സൂക്ഷിച്ചു
വൈകിട്ടോടെയാണ് പണം നഷ്ടപ്പെട്ട വിവരം ദമ്പതികൾ മനസ്സിലാക്കിയത്. തുടർന്ന് അവർ ഉടൻ കലക്ടറേറ്റിലെ ടീ സ്റ്റാളിലെത്തി അന്വേഷിച്ചു.
വിവരങ്ങൾ സ്ഥിരീകരിച്ചതോടെ ടി.എം. നാസർ 70,000 രൂപയും ദമ്പതികൾക്ക് കൈമാറി. മണിക്കൂറുകളോളം ഉടമയില്ലാതെ കിടന്ന പണം സുരക്ഷിതമായി സൂക്ഷിച്ച് ഉടമയെ കണ്ടെത്തിയ നാസറിന്റെയും ജീവനക്കാരി ലിജിയുടെയും ഇടപെടലിന് അഭിനന്ദനമുയരുകയാണ്.
English Summary
A tea stall owner at the Kakkanad Collectorate returned ₹70,000 to an elderly couple who had accidentally left the money pouch behind. The couple had collected their pension from the treasury and stopped at the tea stall. When one of them felt dizzy, the owner helped them rest at a nearby office. They later returned home without taking the pouch. The stall employee noticed it nearly two hours later. The owner, T.M. Naser, safely kept the money and returned the full amount when the couple came back in the evening.
