തിരുവനന്തപുരം: പതിനാലുകാരിയെ പലതവണ പീഡിപ്പിച്ച കേസിൽ വല്യച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം.
പോക്സോ കേസിൽ 10 വർഷം കഠിനതടവ്
2024 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിയും അതിജീവിതയും ഒരേ വീട്ടിലെ വ്യത്യസ്ത നിലകളിലായിരുന്നു താമസിച്ചിരുന്നത്.
അതിജീവിതയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി. ഭാര്യാപിതാവിന് ഭക്ഷണവും മരുന്നും നൽകുന്നതിനായി രാവിലെ വീട്ടിലെത്തിയ പ്രതി സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സുഹൃത്തിനോടും പിന്നീട് അമ്മയോടും വിവരം പറഞ്ഞു
സംഭവത്തിൽ ഭയന്ന കുട്ടി അന്നുതന്നെ വിവരം സുഹൃത്തിനോട് പറഞ്ഞു. സുഹൃത്തിന്റെ നിർദേശപ്രകാരം പിന്നീട് അമ്മയോടും സ്കൂൾ അധ്യാപകരോടും വിവരം അറിയിച്ചു.
തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിനുമുമ്പും പ്രതി കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്നാണ് കുട്ടി നേരത്തെ വിവരം പുറത്തുപറയാതിരുന്നത്. പീഡനം തുടർന്നതോടെയാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്.
പ്രായം സംബന്ധിച്ച വാദം തള്ളി കോടതി
കുട്ടിയെ ദത്തെടുത്തതിനാൽ ജനനത്തീയതി സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ വിവരം ഇല്ലെന്നായിരുന്നു വിചാരണയ്ക്കിടെ പ്രതിഭാഗത്തിന്റെ വാദം. കുട്ടി പ്രായപൂർത്തിയായതിനാൽ പോക്സോ നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഇതോടെ കുട്ടിയുടെ പ്രായം തെളിയിക്കാൻ വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹർജി നൽകി. കോടതി അനുമതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
പ്രോസിക്യൂഷനും അന്വേഷണ സംഘവും
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹനും അഡ്വ. പി. സുരഭിയും പ്രോസിക്യൂഷനുവേണ്ടി ഹാജരായി.കരമന പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി.എസ്. ശ്രീജിത്തും ആർ.എസ്. വിപിനുമാണ് കേസ് അന്വേഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.
English summary:A Thiruvananthapuram court sentenced a man to 10 years of rigorous imprisonment and imposed a fine of ₹1 lakh for repeatedly sexually assaulting his 14-year-old niece. The Thiruvananthapuram Fast Track Special Court also ordered an additional two years in prison if the fine is not paid. During the trial, the defence questioned the survivor’s age, but a court-approved medical examination established that she was a minor.
