ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ കുറൽ ഗ്രാമത്തിൽ ക്ഷേത്രപ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ടവർ പ്രതിഷേധിച്ചു. പിന്നാലെ ജില്ലാ പൊലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസിന്റെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ട് ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് ആരാധനയ്ക്ക് സൗകര്യമൊരുക്കി.
ചിന്നസേലം താലൂക്കിലെ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള പെരുമാൾ ക്ഷേത്രത്തിലാണ് സംഭവം.
ദളിത് ക്ഷേത്രപ്രവേശനം വർഷങ്ങളായി തടഞ്ഞിരുന്നെന്ന് പരാതി
വർഷങ്ങളായി ദളിത് വിഭാഗത്തിൽപ്പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രബല ജാതിക്കാർ വിലക്കിയിരുന്നുവെന്നാണ് ആരോപണം.
ശനിയാഴ്ച ദളിത് വിഭാഗത്തിൽപ്പെട്ടവർ ഒന്നാകെ ക്ഷേത്രദർശനത്തിനായി എത്തിയതോടെ ഒരു വിഭാഗം ക്ഷേത്രകവാടത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ക്ഷേത്രം പൂട്ടിയിടുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
ചർച്ച പരാജയപ്പെട്ടതോടെ പൊലീസ് ഇടപെടൽ
വിവരമറിഞ്ഞ് എസ്.പി. ഐ. ഷാഹ്നാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സമവായ ചർച്ച നടത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ചുനിന്നതായി റിപ്പോർട്ടുകൾ പറയുന്നു.
തുടർന്ന് നിയമപരമായ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത എസ്.പി. ക്ഷേത്രത്തിന്റെ പൂട്ട് പൊളിക്കാൻ നിർദേശം നൽകിയെന്നാണ് വിവരം.
പൂട്ടുതുറന്ന ശേഷം ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതമായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ആരാധന നടത്താനുള്ള സൗകര്യം പൊലീസ് ഒരുക്കി.
2023ലും സമാനമായ ക്ഷേത്രപ്രവേശനം
കള്ളക്കുറിച്ചി ജില്ലയിൽ തന്നെ എടുത്തവയ്നാഥം ഗ്രാമത്തിലെ ഏകദേശം 200 വർഷം പഴക്കമുള്ള വരദരാജ പെരുമാൾ ക്ഷേത്രത്തിലും 2023ൽ സമാനമായ സംഭവം നടന്നിരുന്നു.
അന്ന് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സംരക്ഷണയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ആദ്യമായി ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തിയിരുന്നു.
English Summary
Dalit residents protested after allegedly being denied entry to a Perumal temple in Kural village of Tamil Nadu’s Kallakurichi district. Following the protest, police led by District Superintendent I. Shahnaz reportedly broke open the temple lock and facilitated safe entry and worship. A similar temple-entry incident involving Scheduled Caste residents was reported in the same district in 2023.
