മുംബൈ: പുനർജന്മം ഉണ്ടാകുമെന്ന വിശ്വാസത്തിൽ അച്ഛന്റെ മൃതദേഹം നാല് വർഷത്തിലേറെയായി ഫ്രീസറിൽ സൂക്ഷിച്ചതായി കണ്ടെത്തൽ. മുംബൈയിലെ മലഡിലെ കുരാർ വില്ലേജിലുള്ള ഡേ-കെയർ സെന്ററിലാണ് 78-കാരന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മലഡിൽ അച്ഛന്റെ മൃതദേഹം നാല് വർഷം ഫ്രീസറിൽ
തിങ്കളാഴ്ച വൈകുന്നേരമാണ് കെട്ടിടത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടത്. തുടർന്ന് കുരാർ വില്ലേജിലെ കൊങ്കണി പാഡയിലുള്ള ഡേ-കെയർ സെന്ററിൽ നടത്തിയ പരിശോധനയിലാണ് 78-കാരന്റെ മൃതദേഹം കണ്ടെത്തിയത്.
മരണപ്പെട്ടയാളുടെ മകനും മകളും ചേർന്നാണ് മൃതദേഹം സൂക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
പുനർജന്മത്തിൽ വിശ്വസിച്ചിരുന്ന മകൾ
യുഎസിൽ താമസിക്കുന്ന മകൾ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് പിതാവിന്റെ മൃതദേഹം ദീർഘകാലം സൂക്ഷിക്കാൻ ക്രമീകരണം നടത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
മൃതശരീരം ഫ്രീസറിൽ സൂക്ഷിക്കുന്നതിനായി പ്രതിമാസം ഏകദേശം 1.6 ലക്ഷം രൂപ ചെലവഴിച്ചിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം
78-കാരന്റേത് സ്വാഭാവിക മരണമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ മരണശേഷം ഇത്രയും കാലം മൃതദേഹം സൂക്ഷിച്ച സാഹചര്യത്തിൽ അസ്വാഭാവികതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചുവരികയാണ്. മൃതദേഹം സൂക്ഷിച്ചിരുന്ന സാഹചര്യങ്ങളും ഡേ-കെയർ സെന്ററുമായി കുടുംബം ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.
ഡേ-കെയർ സെന്ററിലെ ക്രമീകരണങ്ങളും പരിശോധിക്കുന്നു
മൃതശരീരം എങ്ങനെയാണ് നാല് വർഷത്തിലേറെയായി സൂക്ഷിച്ചതെന്നും ഇതിനായി ആരൊക്കെയാണ് സഹായിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
കൂടാതെ, മൃതദേഹം സൂക്ഷിക്കാൻ ഉപയോഗിച്ച ഫ്രീസർ, കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
English Summary:
A 78-year-old man’s body was reportedly found kept in a freezer for more than four years at a daycare centre in Mumbai’s Malad. Police said the death appeared natural but are investigating the unusual long-term preservation of the body. The man’s son and daughter allegedly arranged for the body to be kept there, while his daughter, who lives in the US, reportedly believed in reincarnation.
