ഗൃഹോപകരണ വില വീണ്ടും ഉയരുന്നതോടെ നവരാത്രി, ദീപാവലി ഉത്സവകാലത്ത് എ.സി, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയവ വാങ്ങാനൊരുങ്ങുന്നവർക്ക് അധിക ചെലവുണ്ടാകും.
ഉത്പാദനച്ചെലവിലെ വർധന കണക്കിലെടുത്ത് പ്രമുഖ കമ്പനികൾ ഒക്ടോബർ ഒന്ന് മുതൽ വില കൂട്ടാൻ തീരുമാനിച്ചതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്.
ഗൃഹോപകരണ വില 8 ശതമാനം വരെ ഉയരും
കോപ്പർ, സ്റ്റീൽ, അലുമിനിയം, ക്രൂഡോയിൽ അധിഷ്ഠിത ഉത്പന്നങ്ങൾ എന്നിവയുടെ വില വർധിച്ചതാണ് പ്രധാന കാരണം.
ഇതിന് പുറമെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ചരക്കുനീക്ക ചെലവിലെ വർധനയും കമ്പനികളുടെ ചെലവ് ഉയർത്തി.
ഇതോടെ അധിക ഉത്പാദനച്ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് കമ്പനികളുടെ തീരുമാനം. നടപ്പുവർഷം ഇത് മൂന്നാം തവണയാണ് പല കമ്പനികളും വില വർധിപ്പിക്കുന്നത്.
ബ്ലൂ സ്റ്റാർ, ഗോദ്റെജ് അപ്ലയൻസസ്, ഹയർ, ഡെയ്കിൻ, സൂപ്പർ പ്ലാസ്ട്രോണിക്സ് തുടങ്ങിയ കമ്പനികൾ ഉത്പന്നങ്ങളുടെ വില നാല് മുതൽ എട്ട് ശതമാനം വരെ ഉയർത്തും.
എ.സി വിലയിൽ ഏറ്റവും വലിയ വർധന
എയർ കണ്ടീഷണറുകളുടെ വില ഒക്ടോബർ ഒന്ന് മുതൽ അഞ്ച് മുതൽ എട്ട് ശതമാനം വരെ ഉയർന്നേക്കും.
അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് എ.സി വിപണിയെ പ്രധാനമായും ബാധിക്കുന്നത്.
അതേസമയം, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, എൽ.ഇ.ഡി ടി.വികൾ തുടങ്ങിയവയുടെ വില മൂന്ന് മുതൽ നാല് ശതമാനം വരെ ഉയർത്താനാണ് കമ്പനികളുടെ തീരുമാനം.
ഉത്സവകാല വിൽപ്പനയെ ബാധിക്കുമോ?
ഓണം മുതൽ ദീപാവലി വരെയുള്ള ഉത്സവകാലയളവിലാണ് ഗൃഹോപകരണ വിൽപ്പനയുടെ ഏകദേശം 30 മുതൽ 40 ശതമാനം വരെ നടക്കുന്നത്.
ഈ നിർണായക കാലയളവിൽ ഗൃഹോപകരണ വില വീണ്ടും ഉയരുന്നത് ഉപഭോഗത്തെ ബാധിക്കുമെന്ന ആശങ്കയും വിപണിയിൽ ശക്തമാണ്.
കഴിഞ്ഞ വർഷം ഉത്സവകാലത്തിന് മുന്നോടിയായി ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചത് വിപണിയിൽ മികച്ച ഉണർവിന് കാരണമായിരുന്നു.
ഇത്തവണ വിലവർധന ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുമെന്നതാണ് വ്യവസായ മേഖല ഉറ്റുനോക്കുന്നത്.
കോപ്പർ വില കുതിച്ചത് പ്രധാന സമ്മർദം
എ.സി നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ കോപ്പറിന്റെ വിലയിൽ വലിയ വർധനയുണ്ടായി. കഴിഞ്ഞ വർഷം ടണ്ണിന് 8,000–9,000 ഡോളറായിരുന്ന കോപ്പർ വില ഇപ്പോൾ ഏകദേശം 14,500 ഡോളറിലെത്തി.
കൂടാതെ, ഒരു എ.സി നിർമ്മിക്കുന്നതിന് നാല് കിലോ വരെ കോപ്പർ ആവശ്യമായി വരും. അതിനാൽ കോപ്പർ വിലയിലെ കുതിപ്പ് എ.സി നിർമ്മാണച്ചെലവിൽ നേരിട്ട് പ്രതിഫലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
English summary:
Home appliance prices are set to rise from October 1, just ahead of the Navratri and Diwali festive season. Air conditioners, LED TVs, washing machines and refrigerators are expected to become more expensive due to higher raw material, logistics and production costs. AC prices may rise by up to 8%, while refrigerators, washing machines and LED TVs could see a 3–4% increase. Rising copper prices, along with rupee depreciation and higher transportation costs, are adding pressure on manufacturers.
