ന്യൂയോർക്ക്: അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തി. മറ്റൊരു രാജ്യത്ത് ജനിച്ച് പിന്നീട് അമേരിക്കയിലേക്ക് പ്രവർത്തനമേഖല മാറ്റി ശതകോടീശ്വരന്മാരായ 19 ഇന്ത്യക്കാരാണ് 2026ലെ ഫോബ്സ് പട്ടികയിൽ ഇടം നേടിയത്. അമേരിക്കയിലെ ആകെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണം 144 ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വരന്മാരിൽ ഇന്ത്യ മുന്നിൽ
2026ലെ കണക്കുപ്രകാരം അമേരിക്കയിലെ 144 കുടിയേറ്റ ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തി 2.2 ട്രില്യൻ ഡോളറാണ്. ഏകദേശം 210 ലക്ഷം കോടി രൂപ വരുമിത്.
കഴിഞ്ഞ വർഷം 125 കുടിയേറ്റ ശതകോടീശ്വരന്മാരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരുടെ ആകെ ആസ്തി 1.3 ട്രില്യൻ ഡോളറായിരുന്നു.
ഇത്തവണ 19 പേരുമായി ഇന്ത്യ ഒന്നാമതെത്തിയപ്പോൾ ഇസ്രയേലും തായ്വാനും 11 പേരുമായി രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഒൻപത് പേരുമായി ചൈന നാലാം സ്ഥാനത്തും എത്തി.
രാജ്യങ്ങൾ തിരിച്ചുള്ള കണക്ക്
- ഇന്ത്യ – 19
- ഇസ്രയേൽ – 11
- തായ്വാൻ – 11
- ചൈന – 9
- കാനഡ – 8
- ഇറാൻ – 7
- ജർമനി – 6
- ഫ്രാൻസ് – 5
- യുകെ – 5
കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പട്ടികയിലെ ഇന്ത്യക്കാരുടെ എണ്ണം 12 പേരാണ് വർധിച്ചത്. യുഎസിലെ ആകെ ശതകോടീശ്വരന്മാരിൽ ഏകദേശം 15 ശതമാനം പേർ കുടിയേറ്റക്കാരാണെന്നും ഫോബ്സ് കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വരന്മാരിൽ സമ്പത്തിൽ മസ്ക് മുന്നിൽ
കുടിയേറ്റ ശതകോടീശ്വരന്മാരിൽ ഏറ്റവും സമ്പന്നൻ ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്കാണ്. 927 ബില്യൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
റഷ്യയിൽ ജനിച്ച സെർജി ബ്രിൻ 272 ബില്യൻ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. തായ്വാനിൽ ജനിച്ച എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് 176 ബില്യൻ ഡോളറുമായി മൂന്നാമതാണ്.
ഹംഗറിയിൽ ജനിച്ച തോമസ് പീറ്റർഫൈ 107 ബില്യൻ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്.
അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ ആദ്യ പത്തിൽ ഇന്ത്യക്കാരില്ല
എണ്ണത്തിൽ ഇന്ത്യ ഒന്നാമതാണെങ്കിലും ഏറ്റവും സമ്പന്നരായ ആദ്യ പത്ത് കുടിയേറ്റ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരനും ഇടം നേടിയിട്ടില്ല.
ഇന്ത്യക്കാരിൽ മുന്നിലുള്ളത് 14-ാം സ്ഥാനത്തുള്ള വിനോദ് ഖോസ്ലയാണ്. അദ്ദേഹത്തിന്റെ ആസ്തി 13.9 ബില്യൻ ഡോളറാണ്.
സെക്യൂരിറ്റി സോഫ്റ്റ്വെയർ രംഗത്തെ പ്രമുഖനായ ജയ് ചൗധരി 8.2 ബില്യൻ ഡോളർ ആസ്തിയുമായി 25-ാം സ്ഥാനത്തുണ്ട്.
അതേസമയം, പാക്കിസ്ഥാനിൽ നിന്നുള്ള രണ്ട് പേരും പട്ടികയിൽ ഇടംപിടിച്ചു. ഓട്ടോമോട്ടിവ് വ്യവസായത്തിലെ ഷഹീദ് ഖാൻ 14.9 ബില്യൻ ഡോളർ ആസ്തിയുമായി 13-ാം സ്ഥാനത്താണ്.
അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വരന്മാരിൽ ടെക് മേഖല മുന്നിൽ
സ്പേസ്, സെർച്ച് എൻജിൻ, സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിലാണ് ഇത്തവണ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണം കൂടുതൽ ഉയർന്നത്.
2026ലെ പട്ടികയിൽ ഉൾപ്പെട്ടവർ 45 രാജ്യങ്ങളിലാണ് ജനിച്ചത്. കഴിഞ്ഞ വർഷം 42 രാജ്യങ്ങളിൽ ജനിച്ചവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്.
പട്ടികയിലെ മറ്റ് ഇന്ത്യക്കാർ
രാകേഷ് ഗാംഗ്വാൾ (42), റൊമേഷ് ടി. വാധ്വാനി (45), കവിതാർക് റാം ശ്രീറാം (60), രാജീവ് ജെയിൻ (61), ഹേമന്ത് തനേജ (66), സഞ്ജയ് ഗജേന്ദ്ര (77), ജിതേന്ദ്ര മോഹൻ (77), ജ്യോതി ബൻസാൽ (91), ഡേവിഡ് പോൾ (102), രാജ് സർദാന (102), നികേഷ് അറോറ (113), സുന്ദർ പിച്ചൈ (113), കെ.ആർ. ശ്രീധർ (123), സഞ്ജയ് മെഹ്റോത്ര (129), സത്യ നാദെല്ല (129), നീരജ് സേഥി (134), ശ്യാം ശങ്കർ (140) എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാർ.
English Summary:
India ranks first among immigrant billionaires in the United States, with 19 Indian-born billionaires featured in Forbes’ 2026 list. The US has 144 immigrant billionaires with a combined wealth of $2.2 trillion. Elon Musk tops the wealth ranking, while no Indian appears in the top 10.
