ഉദയസൂര്യന്റെ നാടായ ജപ്പാനിൽ ഏഷ്യയുടെ കായികസ്വപ്നങ്ങൾക്ക് ഇന്ന് പുതിയ അധ്യായം. അയ്‌ചി-നഗോയ ഏഷ്യൻ ഗെയിംസിന് കൊടിയേറുമ്പോൾ 46 രാജ്യങ്ങളിൽ നിന്നായി 10,840 താരങ്ങൾ കായികമികവ് മാറ്റുരയ്ക്കും. 43 ഇനങ്ങളിലായി 493 മെഡൽ പോരാട്ടങ്ങളാണ് ഇത്തവണ അരങ്ങേറുന്നത്.
അയ്‌ചി-നഗോയ ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം
ടോക്കിയോയിൽനിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള അയ്‌ചി പ്രവിശ്യയുടെ തലസ്ഥാനമായ നഗോയയാണ് 20-ാമത് ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. നഗരത്തിൽ ഇതിനകം തന്നെ ഉത്സവാന്തരീക്ഷം നിറഞ്ഞുകഴിഞ്ഞു.
കായികമത്സരങ്ങൾക്കപ്പുറം ജപ്പാന്റെ പ്രകൃതിഭംഗിയും സാങ്കേതിക മികവും ജീവിതശൈലിയും ലോകത്തിന് പരിചയപ്പെടുത്താനുള്ള വേദി കൂടിയാണ് അയ്‌ചി-നഗോയ ഏഷ്യൻ ഗെയിംസ്.
തിരിച്ചടികളിൽനിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രമാണ് ജപ്പാന് പറയാനുള്ളത്. അതിനാൽ തന്നെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന കായികതാരങ്ങളെ സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശത്തോടെയാണ് ജപ്പാൻ വരവേൽക്കുന്നത്.
43 കായിക ഇനങ്ങളിൽ 493 മെഡൽ പോരാട്ടങ്ങൾ
സ്ഥിരം കായിക ഇനങ്ങൾക്കൊപ്പം നിരവധി പുതിയ മത്സരങ്ങളും ഇത്തവണ ഗെയിംസിന്റെ ഭാഗമാകുന്നു. ടെക്ബോൾ, മിക്സഡ് മാർഷ്യൽ ആർട്സ്, പാഡെൽ, സർഫിംഗ്, ബി.എം.എക്സ് ഫ്രീസ്റ്റൈൽ എന്നിവ അരങ്ങേറ്റം കുറിക്കും.
കൂടാതെ വിർച്വൽ തായ്ക്കൊണ്ടോ, വിപുലീകരിച്ച ഇ-സ്പോർട്സ് വിഭാഗങ്ങളും കായികമേളയിൽ ശ്രദ്ധേയമാകും. ഇതോടെ പരമ്പരാഗത കായിക ഇനങ്ങൾക്കൊപ്പം പുതിയ തലമുറയുടെ ഇഷ്ടമത്സരങ്ങൾക്കും വേദിയൊരുങ്ങുന്നു.
കഴിഞ്ഞ ഗെയിംസിലെ റെക്കോർഡ് പ്രകടനവുമായി ഇന്ത്യ
ചൈനയിലെ ഹ്വാങ്ചോയിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 28 സ്വർണം, 38 വെള്ളി, 41 വെങ്കലം ഉൾപ്പെടെ 107 മെഡലുകളാണ് ഇന്ത്യ നേടിയത്. ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.
ഇക്കുറി ആ നേട്ടം മറികടക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്നത്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ നിരവധി താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്.
ഷൂട്ടിംഗ് മുതൽ അത്‌ലറ്റിക്സ് വരെ പ്രതീക്ഷകൾ
ഷൂട്ടിംഗ്, ഗുസ്തി, ബാഡ്മിന്റൺ, അത്‌ലറ്റിക്സ്, സ്ക്വാഷ്, ആർച്ചറി തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യ പ്രധാനമായും മെഡൽ പ്രതീക്ഷ വയ്ക്കുന്നത്. പുരുഷ-വനിതാ ക്രിക്കറ്റ്, ഹോക്കി, കബഡി ടീമുകളിലും സ്വർണപ്രതീക്ഷയുണ്ട്.
ഷൂട്ടിംഗിൽ ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കർ, ഇഷ സിംഗ്, ബാഡ്മിന്റണിൽ പി.വി. സിന്ധു, വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മീരാബായ് ചാനു എന്നിവർ ഇന്ത്യയുടെ ശ്രദ്ധേയ പ്രതീക്ഷകളാണ്.
അത്‌ലറ്റിക്സിൽ അവിനാഷ് സാബ്‌ലെക്കൊപ്പം മലയാളികളായ ശ്രീശങ്കർ മുരളി, ആൻസി സോജൻ, മുഹമ്മദ് അഫ്സൽ എന്നിവരും ഇന്ത്യൻ സംഘത്തിലുണ്ട്. ബോക്സിംഗിൽ നിഖാത് സരീനും ലവ്‌ലിന ബോർഗോഹെയ്‌നും പ്രതീക്ഷകളാണ്.
മലയാളിത്തിളക്കവുമായി ഇന്ത്യൻ സംഘം
ശ്രീശങ്കർ, ആൻസി സോജൻ, മുഹമ്മദ് അഫ്സൽ എന്നിവർക്ക് പുറമേ കൃഷ്ണ ജയശങ്കർ, എൻ. തൗഫീക്ക്, ടി.എസ്. മനു, യു. കാർത്തിക്, അൻസ ബാബു, അനു രാഘവൻ തുടങ്ങിയ മലയാളികളും ഇന്ത്യൻ അത്‌ലറ്റിക്സ് സംഘത്തിലുണ്ട്.
ബാഡ്മിന്റണിൽ ട്രീസ ജോളി, എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ എന്നിവർ ഇന്ത്യയ്ക്കായി ഇറങ്ങും. ക്രിക്കറ്റിൽ സഞ്ജു സാംസണും നീന്തലിൽ സജൻ പ്രകാശും മലയാളി സാന്നിധ്യത്തിന് കരുത്തേകും.
ഷൂട്ടിംഗിൽ വിദർശ കെ. വിനോദ്, കയാക്കിംഗിൽ പ്രസന്നകുമാർ, പാർവതി ഗീത, കനോയിങ്ങിൽ മേഘ പ്രദീപ്, റോവിങ്ങിൽ അലീന ആന്റോ എന്നിവരും ഇന്ത്യൻ സംഘത്തിലുണ്ട്.
സെയ്‌ലിങ്ങിൽ മനു ഫ്രാൻസിസ്, പ്രിൻസ് നോബിൾ, ഇ-സ്പോർട്സിൽ അക്ഷജ് ഷേണായി എന്നിവർക്കൊപ്പം വോളിബോളിൽ മുഹമ്മദ് നിഹാൽ, ജോൺ ജോസഫ്, കെ. ആനന്ദ്, എറിൻ വർഗീസ് എന്നിവരും ഇന്ത്യൻ കുപ്പായമണിയും.
768 അംഗ ഇന്ത്യൻ സംഘത്തിൽ 503 താരങ്ങൾ
ഇന്ത്യൻ സംഘത്തിൽ ആകെ 768 പേരാണുള്ളത്. ഇതിൽ 503 പേർ കായികതാരങ്ങളാണ്. 269 പുരുഷ താരങ്ങളും 234 വനിതാ താരങ്ങളും സംഘത്തിലുണ്ട്.
പരിശീലകരും ഒഫിഷ്യൽസുമായി 205 പേരും ഇന്ത്യൻ സംഘത്തിന്റെ ഭാഗമാണ്. വലിയ സംഘവുമായി അയ്‌ചി-നഗോയയിലെത്തുന്ന ഇന്ത്യ ഇത്തവണ കൂടുതൽ മെഡലുകളാണ് ലക്ഷ്യമിടുന്നത്.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ക്രൂസ് കപ്പലിൽ താമസം
അയ്‌ചി-നഗോയ ഏഷ്യൻ ഗെയിംസിൽ കായികതാരങ്ങളുടെ താമസത്തിനായി വലിയ ക്രൂസ് ഷിപ്പ് ഒരുക്കിയിട്ടുണ്ട്. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു താമസസൗകര്യം ഒരുക്കുന്നത്.
300 മീറ്റർ നീളമുള്ള കോൺകോർഡിയ ക്ലാസ് ഇറ്റാലിയൻ ക്രൂസ് കപ്പലായ കോസ്റ്റ സെറീനയിൽ ഏകദേശം 4,000 പേർക്ക് താമസിക്കാനാകും. കൂടാതെ 2,000ത്തോളം പേർക്ക് താൽക്കാലിക ക്യാബിനുകളും മറ്റുള്ളവർക്ക് ഹോട്ടൽ മുറികളും ഒരുക്കിയിട്ടുണ്ട്.
മത്സരവേദികളിൽ മെഡലുകൾക്കായുള്ള പോരാട്ടം നടക്കുമ്പോൾ, ഏഷ്യയുടെ വൈവിധ്യവും സൗഹൃദവും ഒരുമിപ്പിക്കുന്ന വലിയ വേദിയായി അയ്‌ചി-നഗോയ മാറുകയാണ്. ജപ്പാന്റെ ആതിഥേയത്വത്തിൽ ഏഷ്യൻ കായികശക്തികൾ സ്വർണസ്വപ്നങ്ങളുമായി ഇനി പോരാട്ടത്തിലേക്ക്.
English summary:
The 20th Asian Games begin in Aichi-Nagoya, Japan, bringing together 10,840 athletes from 46 countries across 43 sports and 493 medal events. India enters the Games with high medal expectations after its record 107-medal performance at the Hangzhou Asian Games. Several leading Indian athletes, including Manu Bhaker, P.V. Sindhu, Mirabai Chanu and Avinash Sable, are part of the contingent. A number of athletes from Kerala will also represent India across athletics, badminton, cricket, swimming and other disciplines. For the first time in Asian Games history, a large cruise ship, Costa Serena, has been arranged as accommodation for athletes and officials.
