കരുനാഗപ്പള്ളി: ഒരുകാലത്ത് മത്സ്യസമ്പത്തിന്റെ അക്ഷയഖനിയായിരുന്ന കരുനാഗപ്പള്ളി കായൽ ഇപ്പോൾ കടുത്ത വറുതിയിലേക്ക്. കായലിൽ പതിവായി ലഭിച്ചിരുന്ന കരിമീൻ, കൊലാൻ, പ്രാച്ചി, കണമ്പ്, പൂമീൻ തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്.
കായൽ ജലത്തിന്റെ ഘടനയിലുണ്ടായ മാറ്റം, ഓക്സിജന്റെ കുറവ്, കുളവാഴയുടെയും പോളപ്പായലിന്റെയും വ്യാപനം, മാലിന്യ നിക്ഷേപം എന്നിവയാണ് മത്സ്യസമ്പത്ത് കുറയുന്നതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
കരുനാഗപ്പള്ളി കായലിൽ കരിമീൻ കിട്ടാക്കനിയാകുന്നു
മുൻകാലങ്ങളിൽ പരമ്പരാഗത മത്സ്യങ്ങളുടെ സമൃദ്ധിയുണ്ടായിരുന്ന പള്ളിക്കലാറ്റിലും കൊതിമുക്ക് വട്ടക്കായലിലും ഇപ്പോൾ കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞു.
തുലാവർഷത്തിന് ശേഷം വട്ടക്കായലിന്റെ തെക്കുവശത്ത് ചവറ ഭാഗത്തേക്ക് തിരിയുന്ന മേഖലയിൽ കരിമീൻ ചാകര പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ കരിമീൻ ചാകര ഉണ്ടായിട്ടില്ല.
ഓക്സിജൻ കുറവും കുളവാഴയും ഭീഷണി
കായലിലെ ഓക്സിജന്റെ അളവ് കുറയുന്നതും ഫാക്ടറികളിൽനിന്ന് ഒഴുകിയെത്തുന്ന ആസിഡ് കലർന്ന വെള്ളവുമാണ് മത്സ്യസമ്പത്തിന് വലിയ തിരിച്ചടിയാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അതേസമയം, വട്ടക്കായലിലും പള്ളിക്കലാറ്റിലും വ്യാപിച്ചുകിടക്കുന്ന കുളവാഴയും പോളപ്പായലും അടിത്തട്ടിലേക്ക് ഓക്സിജൻ എത്തുന്നത് തടയുന്നു. ഇതോടെ കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് ചേക്കേറുന്നതായും തൊഴിലാളികൾ പറയുന്നു.
മാലിന്യം കായലിന്റെ ആഴം കുറയ്ക്കുന്നു
ചതുപ്പുമാലിന്യങ്ങളും ചാക്കുകളിൽ കെട്ടിത്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കായലിൽ അടിഞ്ഞുകൂടുകയാണ്. ഇതോടെ പല ഭാഗങ്ങളിലും കായലിന്റെ ആഴം ഒരു മീറ്ററിൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്.
കായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഇത് തിരിച്ചടിയാകുന്നതിനൊപ്പം മത്സ്യങ്ങളുടെ പ്രജനനത്തെയും സഞ്ചാരത്തെയും ബാധിക്കുന്ന സാഹചര്യമാണുള്ളത്.
അടിയന്തര ഇടപെടൽ വേണമെന്ന് മത്സ്യത്തൊഴിലാളികൾ
പ്രശസ്തമായ ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന പള്ളിക്കലാറ്റിലെ നിലവിലെ സാഹചര്യം പരിഹരിക്കാൻ ഫിഷറീസ് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടാതെ, വീഡ് ഹാർവസ്റ്റിംഗ് മെഷീൻ ഉപയോഗിച്ച് പായലുകളും മാലിന്യങ്ങളും നീക്കം ചെയ്യാൻ കരുനാഗപ്പള്ളി നഗരസഭയും സമീപ പഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
കായലിലെ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും അതിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.
English summary:
The inland fishing sector in Karunagappally is facing a serious crisis as traditional fish species such as pearl spot, kolan, prachi, kanambu and poomeen are becoming increasingly scarce. Fishermen attribute the decline to reduced oxygen levels, changes in water quality, aquatic weeds, industrial discharge and plastic waste. They are demanding urgent intervention by the Fisheries Department, local bodies and scientific agencies to restore the backwaters.
