കണ്ണൂർ: പിണറായി പാണ്ട്യാലമുക്കിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ‘പ്രവിക്’ വീടിന് മുന്നിൽ കാവലിനായി ഉപയോഗിച്ചിരുന്ന പൊലീസ് ജീപ്പ് നീക്കി.
എന്നാൽ പിണറായി വിജയന്റെ വീട് ലക്ഷ്യമാക്കിയുള്ള പൊലീസ് സുരക്ഷയിൽ മാറ്റമില്ലെന്നും കാവൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ജീപ്പിന് പകരം ഉടൻ സംവിധാനം ഒരുക്കാതെയാണ് വാഹനം നീക്കിയത്. ഇതോടെ മഴയിലും രാത്രിയിലും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ്.
പിണറായി വിജയന്റെ വീടിന് മുന്നിലെ ജീപ്പ് മാറ്റിയത് അർധരാത്രിയിൽ
കെഎൽ 01 ബിആർ 9569 നമ്പർ ജീപ്പാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ എആർ ക്യാംപിലെ പൊലീസുകാർ എത്തി കെട്ടിവലിച്ച് മാറ്റിയത്. ഏറെക്കാലമായി സ്റ്റാർട്ട് ചെയ്യാൻ കഴിയാത്ത നിലയിലായിരുന്നു വാഹനം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീടുകാണാനും ദൃശ്യങ്ങൾ പകർത്താനുമായി ആളുകൾ എത്തുന്നത് പതിവായതോടെയാണ് വീടിന് മുന്നിൽ ജീപ്പിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
മഴയിലും രാത്രിയിലും പൊലീസുകാർക്ക് ദുരിതം
ഒരു ഷിഫ്റ്റിൽ ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ജീപ്പ് മാറ്റിയതോടെ മഴയുള്ള സമയത്ത് വാഹനത്തിനുള്ളിൽ കയറിയിരിക്കാനുള്ള സൗകര്യം ഇവർക്ക് നഷ്ടമായി.
കണ്ണൂർ എആർ ക്യാംപിലെ രണ്ട് എസ്ഐമാരും ആറ് സിവിൽ പൊലീസ് ഓഫിസർമാരുമാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ സുരക്ഷാ ചുമതല നിർവഹിച്ചിരുന്നത്. വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഇവർ ഇവിടെ ഡ്യൂട്ടി ചെയ്തിരുന്നത്.
ശുചിമുറി സൗകര്യത്തിനും പൊലീസ് സ്റ്റേഷനെ ആശ്രയം
പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലെ സൗകര്യങ്ങൾ പൊലീസുകാർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ശുചിമുറി ആവശ്യങ്ങൾക്കായി ആദ്യം സമീപത്തെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്.
പിണറായിയിൽ പുതിയ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതോടെ ശുചിമുറി ആവശ്യങ്ങൾക്കായി ഇപ്പോൾ പൊലീസ് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വീടിന് ഏകദേശം 800 മീറ്റർ അകലെയാണ് പിണറായി പൊലീസ് സ്റ്റേഷൻ.
സുരക്ഷാ പുനഃപരിശോധനയ്ക്ക് പിന്നാലെ തീരുമാനം
മുമ്പ് വീടിന് മുന്നിൽ എത്തിച്ചിരുന്ന പൊലീസ് ജീപ്പിൽ പാമ്പ് കയറിയതിനെ തുടർന്നാണ് മറ്റൊരു വാഹനം എത്തിച്ചത്. എന്നാൽ പുതിയ ജീപ്പും പിന്നീട് പ്രവർത്തനരഹിതമായി.
ജീപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷന്റെ സുരക്ഷാ പുനഃപരിശോധനയ്ക്ക് ശേഷമുണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ മാസം കണ്ണൂരിലെത്തിയപ്പോൾ വ്യക്തമാക്കിയിരുന്നു.
കമ്മിഷന്റെ പുനഃപരിശോധനയുടെ അടിസ്ഥാനത്തിലാണ് ജീപ്പ് മാറ്റിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി പറഞ്ഞു.
അതേസമയം, ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യം പിണറായി പൊലീസ് സ്റ്റേഷനിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
English summary:
The police jeep stationed for security outside opposition leader Pinarayi Vijayan’s residence in Pandiyalamukku, Kannur, has been removed. However, police security will continue at the residence. The vehicle was towed away after becoming non-functional. Officials said the decision followed a security review by the State Security Commission, and rest facilities for personnel will be arranged at Pinarayi Police Station.
