തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പിണറായി വിജയൻ തള്ളിയതോടെ പിണറായി വിജയനെതിരെ സി.പി.എമ്മിൽ എതിർനീക്കം ശക്തമാകുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഒരു വിഭാഗം നേതാക്കൾ നീക്കം നടത്തുന്നതെന്നാണ് സൂചന. ‘പിണറായി ലൈനല്ല, പാർട്ടി ലൈനാണ് പ്രധാനം’ എന്ന വാദമാണ് ഇവർ ഉയർത്തുന്നത്.
പിണറായി വിജയനെതിരെ സി.പി.എമ്മിൽ വിമർശനം ശക്തം
കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത റിപ്പോർട്ടിനെ പിണറായി വിജയൻ പൂർണമായും നിരാകരിക്കുന്നുവെന്നാണ് വിമർശനം. പിണറായിയും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ വീഴ്ച, നേതൃത്വത്തിന്റെ ശൈലി, സ്ഥാനാർഥി നിർണയം എന്നിവയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ വിശദീകരണം ഈ വിലയിരുത്തലിന് വിരുദ്ധമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പ്രവർത്തകർ തെറ്റിദ്ധരിക്കപ്പെട്ടതാണ് പരാജയത്തിന് കാരണമെന്ന പിണറായിയുടെ പരാമർശത്തെയും ഇവർ വിമർശിക്കുന്നു.
കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി ചോദ്യങ്ങൾ
സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചൂണ്ടിക്കാട്ടിയ പയ്യന്നൂരിലും തളിപ്പറമ്പിലും മാത്രം എന്തുകൊണ്ട് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തിയെന്ന ചോദ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്.
സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ടിന് വിരുദ്ധമായി സ്വന്തം നിലപാട് അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്നും നേതൃത്വം വിശദീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പാർട്ടി രേഖയ്ക്ക് എതിരായ നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തൽ.
കോഴിക്കോട് വിശാല സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് നീക്കം
ഈ മാസം 13 മുതൽ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ വിഷയം ചർച്ചയാക്കാനാണ് എതിർപക്ഷത്തിന്റെ നീക്കം. പാർട്ടി വിമതർ മത്സരിച്ച് വിജയിച്ച പയ്യന്നൂരും തളിപ്പറമ്പിലും നയവിശദീകരണ യോഗങ്ങൾ നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, പാർട്ടി നിലപാടിന് വിരുദ്ധമായി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചതോടെ പിണറായി വിജയനെ അനുകൂലിക്കുന്നവരുടെ എണ്ണം കുറയുകയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
തോമസ് ഐസക്കും എൽ.ഡി.എഫ് തോൽവിയെക്കുറിച്ച്
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് പരാജയത്തെക്കുറിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി.
പത്ത് വർഷത്തെ ഭരണകാലത്ത് പാർട്ടി പ്രവർത്തകരിൽ അഹങ്കാരം വർധിച്ചതിനുള്ള ‘ഷോക്ക് ട്രീറ്റ്മെന്റാണ്’ തിരഞ്ഞെടുപ്പ് പരാജയമെന്ന് തോമസ് ഐസക് പറഞ്ഞു. വള്ളിക്കുന്നത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിന് ശേഷം നടന്ന യോഗത്തിലായിരുന്നു പ്രതികരണം.
സഹകരണ ബാങ്കുകളിലെ അഴിമതി പാർട്ടിക്ക് തിരിച്ചടിയായെന്നും ബി.ജെ.പി. ഡീലെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ചിലരുടെ പ്രസ്താവനകൾ ഇത്തരം പ്രചാരണങ്ങൾക്ക് സഹായകമായെന്നും ഐസക് അഭിപ്രായപ്പെട്ടു.
പാർട്ടി തിരുത്തണമെന്ന് തോമസ് ഐസക്
ആരെങ്കിലും പാർട്ടിയിൽ നിന്ന് പോയാൽ സൗകര്യമെന്ന നിലപാട് തിരുത്തണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ‘സത്യവിശ്വാസികൾ മാത്രം മതി’ എന്ന സമീപനം മാറ്റണമെന്നും ജനങ്ങൾക്ക് പാർട്ടി നന്നായെന്ന് തോന്നണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പഴയ കാലമല്ലെന്നും സംസാരിക്കുമ്പോൾ പോലും ശ്രദ്ധിക്കണമെന്നും ഐസക് പ്രവർത്തകരോട് നിർദേശിച്ചു. സഹകരണ ബാങ്കുകളിൽ ആളുകൾ പണം നിക്ഷേപിക്കുന്നത് പാർട്ടിയെ വിശ്വസിച്ചാണെന്നും ആ വിശ്വാസം കാത്തുസൂക്ഷിച്ചാണോ പെരുമാറിയതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ജനങ്ങൾ പാർട്ടിയെ പൂർണമായി തള്ളിക്കളഞ്ഞിട്ടില്ലെന്നും വെറുത്തിട്ടില്ലെന്നും ഐസക് വ്യക്തമാക്കി. 2029ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary
A section of CPI(M) leaders is reportedly preparing to challenge Pinarayi Vijayan after he rejected the central committee’s assessment on the reasons behind the Left Democratic Front’s electoral defeat. The group argues that the party line, rather than the Pinarayi line, should prevail.
The issue is expected to come up for discussion at the extended state committee meeting scheduled in Kozhikode from the 13th. Meanwhile, CPI(M) central committee member Dr. Thomas Isaac said the electoral defeat was a “shock treatment” for the party after ten years in power and called for corrective measures.
