കൊച്ചി: കേരളത്തിലെ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിദ്ധ്യം നാമമാത്രമെന്ന് പരിശോധനാ ഫലം. എന്നാൽ കേരളം പ്രധാനമായും ആശ്രയിക്കുന്ന കർണാടകയിലും തെലങ്കാനയിലും നിശ്ചിത പരിധിക്ക് മുകളിലുള്ള രാസാംശം കണ്ടെത്തിയ സാമ്പിളുകളുടെ ശതമാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
അതേസമയം, തമിഴ്നാട്ടിലെ കൃഷിരീതി താരതമ്യേന മെച്ചപ്പെട്ടതാണെന്നും പരിശോധനാ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ 40 കേന്ദ്ര ലാബുകളിലെ സാമ്പിൾ പരിശോധനാ ഫലങ്ങളാണ് ഇതിന് ആധാരം.
കീടനാശിനി സാന്നിദ്ധ്യം: കേരളത്തിൽ 1.98 ശതമാനം
കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ‘നാഷണൽ ലെവൽ മോണിറ്ററിംഗ് ഓഫ് പെസ്റ്റിസൈഡ് റെസിഡ്യൂസ്’ പദ്ധതിയുടെ ഭാഗമായി 2023-26 കാലയളവിൽ പരിശോധന നടത്തി.
23 സംസ്ഥാനങ്ങളിൽ നിന്നായി 70,652 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 2,223 സാമ്പിളുകളിൽ, അതായത് 3.1 ശതമാനത്തിൽ, നിശ്ചിത പരിധിയിൽ കൂടുതലുള്ള രാസാംശം കണ്ടെത്തി.
കേരളത്തിൽ പരിശോധിച്ച 4,130 സാമ്പിളുകളിൽ 82 എണ്ണത്തിലാണ് നിശ്ചിത സുരക്ഷാ പരിധിക്ക് മുകളിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് 1.98 ശതമാനമാണ്.
കർണാടകയിലും തെലങ്കാനയിലും ദേശീയ ശരാശരിക്ക് മുകളിൽ
തെലങ്കാനയിലാണ് നിശ്ചിത പരിധിക്ക് മുകളിലുള്ള കീടനാശിനി സാന്നിദ്ധ്യം ഏറ്റവും കൂടുതലായി കണ്ടെത്തിയത്. സംസ്ഥാനത്തെ 5.92 ശതമാനം സാമ്പിളുകളിലാണ് അധിക രാസാംശം കണ്ടെത്തിയത്.
കേരളം ആശ്രയിക്കുന്ന കർണാടകയിൽ 3.64 ശതമാനം സാമ്പിളുകളിലും അധിക രാസാംശം കണ്ടെത്തി. ദേശീയ ശരാശരിയായ 3.1 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്.
തമിഴ്നാട്ടിൽ 2.24 ശതമാനം സാമ്പിളുകളിലാണ് നിശ്ചിത പരിധിക്ക് മുകളിലുള്ള രാസാംശം കണ്ടെത്തിയത്. ഒഡീഷയിൽ പരിശോധിച്ച 1,362 സാമ്പിളുകളിലും അധിക കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയില്ല.
70,000ലേറെ സാമ്പിളുകൾ പരിശോധിച്ചു
ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, ഫാം ഹൗസുകൾ എന്നിവിടങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.
പരിശോധന 2028-29 വരെ തുടരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഭക്ഷ്യവസ്തുക്കളിലെ രാസാംശത്തിന്റെ അളവ് പരിശോധിക്കുന്നത്.
നിശ്ചിത പരിധിയിൽ കൂടുതലായി കീടനാശിനി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് നിയമവിരുദ്ധമാണ്.
കീടനാശിനി നിയന്ത്രിക്കാൻ പുതിയ നടപടികൾ
കർഷകർക്ക് പരിശീലനവും ബോധവത്കരണവും നൽകുന്നതിനായി സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കും.
കൂടാതെ, എ.ഐ അധിഷ്ഠിത നാഷണൽ പെസ്റ്റ് സർവൈലൻസ് സിസ്റ്റം വഴിയും നിരീക്ഷണം ശക്തമാക്കും. ആവശ്യമായ ഘട്ടങ്ങളിൽ കൃത്യമായ അളവിൽ രാസകീടനാശിനി ഉപയോഗിക്കാൻ കർഷകരെ സഹായിക്കുന്ന മൊബൈൽ ആപ്പും പോർട്ടലും ഇതിന്റെ ഭാഗമാണ്.
സംസ്ഥാനതല പ്രത്യേക സമിതികൾ രൂപീകരിച്ച് കീടനാശിനി സാന്നിദ്ധ്യം നിരീക്ഷിക്കുന്ന നടപടികളും തുടരും.
വിവിധ ഭക്ഷ്യവസ്തുക്കളിലെ സുരക്ഷിത പരിധി
- തക്കാളി: 0.1 മില്ലിഗ്രാം/കിലോഗ്രാം
- കാബേജ്: 4 മില്ലിഗ്രാം/കിലോഗ്രാം
- കിഴങ്ങ്: 0.2 മില്ലിഗ്രാം/കിലോഗ്രാം
- മാമ്പഴം: 0.05 മില്ലിഗ്രാം/കിലോഗ്രാം
- ആപ്പിൾ: 0.01 മില്ലിഗ്രാം/കിലോഗ്രാം
- മുന്തിരി: 0.05 മില്ലിഗ്രാം/കിലോഗ്രാം
- അരി, ഗോതമ്പ്: 0.03 മില്ലിഗ്രാം/കിലോഗ്രാം
English Summary
Pesticide residues in fruits and vegetables produced in Kerala were found to be relatively low, with only 1.98% of tested samples exceeding the prescribed safety limit. However, Karnataka and Telangana recorded higher levels than the national average.
The Agriculture Ministry’s monitoring programme tested 70,652 samples from 23 states during 2023-26. Telangana recorded the highest share of samples exceeding the permitted limit at 5.92%, followed by Karnataka at 3.64%. Tamil Nadu recorded 2.24%, while none of the 1,362 samples tested in Odisha exceeded the limit.
