മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതിയതിന്റെ പേരിൽ ഇടതുപക്ഷ അനുകൂല സർവീസ് സംഘടനാ നേതാവിനെതിരെ നടപടി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്ന പൂവത്തൂർ ചിത്രസേനന്റെ സേവനമാണ് നിലവിലെ യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചത്.
ഇദ്ദേഹം ധനകാര്യ വകുപ്പിൽ സ്പെഷൽ മെസഞ്ചറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ചിത്രസേനൻ അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ടുള്ള ഗാനം രചിച്ചത്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷവേളയിൽ, വേദിയിലിരുന്ന പിണറായി വിജയനെ സാക്ഷിയാക്കി അസോസിയേഷൻ ഭാരവാഹികൾ ഈ ഗാനം ആലപിച്ചിരുന്നു. ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി’ എന്ന് തുടങ്ങുന്ന വരികളാണ് അന്ന് വിവാദമായത്.
പൊതുഭരണ വകുപ്പിൽനിന്ന് വിരമിച്ച ശേഷം ചിത്രസേനന് ധനകാര്യ വകുപ്പിൽ നിയമനം ലഭിച്ചത് ഈ സ്തുതിഗാനത്തിന് പ്രതിഫലമായാണെന്നുള്ള ആരോപണം അന്ന് ശക്തമായിരുന്നു.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വലിയ അഴിച്ചുപണികളാണ് ഉദ്യോഗസ്ഥതലത്തിൽ നടക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവർക്കും പിണറായി വിജയന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥർക്കും സ്ഥാനനഷ്ടം സംഭവിച്ചു. ഐഎഎസ്, ഐപിഎസ് തലങ്ങളിൽ ഉൾപ്പെടെ വലിയ തോതിലുള്ള മാറ്റങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രസേനനെതിരെയും നടപടി ഉണ്ടായതെന്നാണ് വിലയിരുത്തൽ.
English Summary
Former Chief Minister Pinarayi Vijayan’s supporter, Poovathoor Chithrasenan, was dismissed by the current UDF government following his controversial song praising the former CM during a service association event.
