വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ഇന്ന് തുടക്കം; ആദ്യ ബസിന്റെ സ്റ്റിയറിങ് പിടിക്കാൻ കെഎസ്ആർടിസിയുടെ പ്രിയപ്പെട്ട ഷീലേച്ചി!പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് ചരിത്രത്തിന്റെ അമരത്തേക്ക്

1 Min Read

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ബസിന്റെ സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ്. പെരുമ്പാവൂർ ഡിപ്പോയിലെ ജീവനക്കാരിയായ 53കാരിയായ ഷീല ഇന്ന് തമ്പാനൂർ ഡിപ്പോയിലെത്തി പ്രത്യേക സർവീസിന് നേതൃത്വം നൽകും. ബസിലെ കണ്ടക്ടറും വനിതയായിരിക്കും.

2013ൽ കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജോലിയിൽ പ്രവേശിച്ച ഷീല, സർക്കാർ സർവീസിൽ എത്തുന്നതിന് മുമ്പ് ഹെവി വാഹന പരിശീലകയായി പ്രവർത്തിച്ചിരുന്നു. വിവിധ ഡിപ്പോകളിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോഴും അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചാണ് സേവനം തുടരുന്നത്.

ഡ്രൈവർ സീറ്റിൽ ഒരു സ്ത്രീയെ കണ്ടപ്പോൾ ആദ്യകാലങ്ങളിൽ ചില യാത്രക്കാർക്ക് അമ്പരപ്പുണ്ടായിരുന്നുവെന്നും വനിതാ ഡ്രൈവറാണെന്ന് കണ്ടു ചിലർ ബസിൽ കയറാൻ പോലും മടിച്ച സംഭവങ്ങളുണ്ടായിരുന്നുവെന്നും ഷീല ഓർക്കുന്നു.

യു.ഡി.എഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് ഇന്ന് രാവിലെ 8.30ന് തുടക്കമാകും. വനിതകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറി ബസുകളിലാണ് ലഭ്യമാക്കുന്നത്.

13 വർഷമായി കെ.എസ്.ആർ.ടി.സിയിൽ സേവനമനുഷ്ഠിക്കുന്ന ഷീല ഏത് തരത്തിലുള്ള ബസും അനായാസം ഓടിക്കാനുള്ള കഴിവുകൊണ്ട് ശ്രദ്ധേയയാണ്. സ്വിഫ്റ്റ് സർവീസിലേക്ക് വനിതാ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതും ഷീല തന്നെയാണ്. കോതമംഗലം തോട്ടപ്പടി സ്വദേശിയായ ഷീല, വനിതകൾ സന്തോഷത്തോടെ സൗജന്യമായി യാത്ര ചെയ്യുന്ന ആദ്യ ബസ് ഓടിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രതികരിച്ചു.

English Summary

V.P. Sheela, the first woman driver of KSRTC, will drive the inaugural bus of Kerala’s free travel scheme for women. The 53-year-old driver from Perumbavoor depot has been serving KSRTC for 13 years and said she is proud to be part of the launch of the Priyadarshini scheme.

Share This Article