ഇടവപ്പാതി നാളെ കേരള തീരം തൊടും! ഇരട്ട ചക്രവാതച്ചുഴിയോടെ വരും ദിവസങ്ങളിൽ അതിശക്തമായ മഴ; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

2 Min Read

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുള്ള അനുകൂല അന്തരീക്ഷ സാഹചര്യങ്ങളാണ് കാലവർഷത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട് മേഖലകൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലേക്കും മഴമേഘങ്ങൾ വ്യാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ കേരള തീരത്തിന് സമീപം നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിലും കർണാടക തീരത്തിനും സമീപത്തായാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ വടക്കൻ ആൻഡമാൻ കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായിരിക്കുന്നത്.

ജൂൺ 5 മുതൽ 7 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂൺ 7 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുമെന്നും പ്രവചനം വ്യക്തമാക്കുന്നു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തുടർന്നുള്ള ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ നിന്ന് വടക്കൻ ജില്ലകളിലേക്ക് മുന്നറിയിപ്പ് വ്യാപിപ്പിച്ചിട്ടുണ്ട്.

ശക്തമായ മഴയും കാറ്റും തുടരാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കടലിൽ പോകുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

English Summary:
The India Meteorological Department (IMD) has indicated that the southwest monsoon is likely to reach Kerala by Thursday. Favorable weather conditions over the Arabian Sea and Bay of Bengal are expected to intensify rainfall across the state. Strong winds of up to 50 kmph, thunderstorms, and heavy to very heavy rainfall are forecast through June 7. Orange and Yellow alerts have been issued for several districts, and authorities have advised the public and fishermen to remain cautious.


southwest-monsoon-likely-to-reach-kerala-heavy-rain-alert


Kerala Monsoon, Southwest Monsoon, IMD, Heavy Rain, Orange Alert, Yellow Alert, Kerala Weather, Rain Warning, Cyclonic Circulation, Kerala News

Share This Article