തിരുവനന്തപുരം: നാലാഞ്ചിറയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഉദിയന്നൂർ ക്ഷേേത്രത്തിന് സമീപം താമസിച്ചിരുന്ന ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് (46) സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന നാല് മക്കളുടെയും ഹസീനയുടെ മാതാവിന്റെയും സാന്നിധ്യത്തിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹസീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്താം ക്ലാസിൽ പഠിക്കുന്ന മകനാണ് അമ്മയെ ആക്രമിച്ചതായി പൊലീസിൽ വിവരം അറിയിച്ചത്. സംഭവസമയത്ത് 18, 17, 8, 7 വയസ്സുള്ള നാല് മക്കളും വീട്ടിലുണ്ടായിരുന്നു.
സുരേഷും ഹസീനയും തമ്മിൽ നേരത്തേ മുതൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. ദിവസങ്ങൾക്കു മുൻപ് ഹസീന വീട് വിട്ടുപോയിരുന്നു. തുടർന്ന് സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ച ശേഷം ഇന്നലെയാണ് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലേക്ക് മടക്കി അയച്ചത്.
എന്നാൽ ഇന്ന് പുലർച്ചെ വീണ്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായതായാണ് വിവരം. തുടർന്ന് അടുക്കളയിലെ കത്തി ഉപയോഗിച്ച് സുരേഷ് ആക്രമണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയതോടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണ്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനും കൊലപാതകത്തിനും കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
English Summary:
A 36-year-old woman, Haseena Beevi, was allegedly murdered by her husband in front of their children at their rented house in Thiruvananthapuram’s Nalanchira area. The accused, Suresh, reportedly fled the scene after the attack and is currently absconding. Police said the couple had ongoing family disputes and had recently undergone mediation at a police station. An investigation is underway.
