ശ്രീറാം വെങ്കിട്ടരാമനെ കണ്ടതും കലിതുള്ളി മാധ്യമപ്രവർത്തകർ! മന്ത്രിയുടെ വാർത്താസമ്മേളനം ബഹിഷ്കരിച്ചു; ഒടുവിൽ ഹാൾ വിട്ടിറങ്ങി ഉദ്യോഗസ്ഥൻ 

1 Min Read

തിരുവനന്തപുരം: കൃഷിമന്ത്രി ടി. സിദ്ദിഖിനൊപ്പമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാം പങ്കെടുക്കുന്ന വാർത്താസമ്മേളനത്തിൽ ഇരിക്കില്ലെന്ന് മാധ്യമപ്രവർത്തകർ നിലപാട് സ്വീകരിക്കുകയായിരുന്നു.

വാർത്താസമ്മേളനം ആരംഭിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചതോടെ സാഹചര്യം സംഘർഷഭരിതമായി. മന്ത്രി ടി. സിദ്ദിഖ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു.

ശ്രീറാം മടങ്ങിയതിനു ശേഷമാണ് മന്ത്രിയുടെ വാർത്താസമ്മേളനം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദിനൊപ്പവും ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.

2019 ഓഗസ്റ്റ് 3-ന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാഹനാപകടത്തിൽ മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ മരിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ വിചാരണ തുടരുകയാണ്.

English Summary:
Journalists staged a protest against Agriculture Department Director Sriram Venkitaraman during a press conference attended by Agriculture Minister T. Siddique in Thiruvananthapuram. Reporters objected to his presence, citing his status as the first accused in the case related to the death of journalist K.M. Basheer. Following the protest, Sriram left the venue, and the press conference resumed afterward. The trial in the Basheer death case is still ongoing.



Share This Article