മനുഷ്യനെ തോൽപ്പിക്കും ബുദ്ധി! ജപ്പാനെ വിറപ്പിച്ച് ‘അമാനുഷിക’ കരടി; ടാപ്പ് തുറന്ന് വെള്ളം കുടിച്ചു, ജനൽ തുറന്ന് രക്ഷപ്പെട്ടു; ഭീതിയിൽ ഫുകുഷിമ!

1 Min Read

ടോക്കിയോ: ജപ്പാനിലെ Fukushima മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി അസാധാരണമായ പെരുമാറ്റവും ബുദ്ധിശക്തിയും പ്രകടിപ്പിക്കുന്ന ഒരു കരടി. ഇതിനോടകം നാലുപേരെ ആക്രമിച്ച കരടിയെ കണ്ടെത്താനുള്ള വ്യാപക തിരച്ചിൽ തുടരുകയാണെങ്കിലും ഇതുവരെ അധികൃതർക്ക് വിജയിക്കാനായിട്ടില്ല.

ബുധനാഴ്ച ഒരു സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിൽ പ്രത്യക്ഷപ്പെട്ട കരടി ആദ്യം ഒരു വനിതാ ജീവനക്കാരിയെ ആക്രമിച്ചു. ഇതിനിടെ സമീപത്തുകൂടി വന്ന വാഹനമോടിച്ചയാൾ ഇടപെട്ടതോടെ കരടി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് സമീപത്തെ ഒരു ഓഫീസ് കെട്ടിടത്തിലെത്തിയ കരടി മറ്റൊരാളെയും ആക്രമിച്ചു. പിന്നീട് ഒരു ഇലക്ട്രോണിക്സ് ഫാക്ടറിയിലേക്ക് കടന്നുകയറിയതായി റിപ്പോർട്ടുണ്ട്. ഫാക്ടറിയിൽ അസാധാരണ ശബ്ദം കേട്ട് പരിശോധന നടത്തിയ ജീവനക്കാർ ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന കരടിയെ കണ്ടതോടെ പരിഭ്രാന്തരായി.

വനംവകുപ്പും പൊലീസും ചേർന്ന് മയക്കുവെടി പ്രയോഗിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും കരടി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ സാധാരണ മനുഷ്യർക്ക് മാത്രമേ തുറക്കാനാകൂ എന്ന് കരുതിയിരുന്ന ഒരു ജനൽ തുറന്ന നിലയിൽ കണ്ടെത്തി. അതുവഴിയാണ് കരടി പുറത്തുകടന്നതെന്നാണ് നിഗമനം.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രോണുകളും മറ്റ് ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്.

ജപ്പാനിൽ കരടി ആക്രമണങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. വന ആവാസവ്യവസ്ഥയുടെ നാശവും കാലാവസ്ഥാ വ്യതിയാനവും കാരണം കരടികൾ മനുഷ്യവാസ മേഖലകളിലേക്ക് കൂടുതൽ എത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary:
Authorities in Fukushima are searching for a bear that has already attacked four people and displayed unusual intelligence by entering buildings and apparently escaping through a window. The bear was spotted in a supermarket parking area, later entered an office and an electronics factory, and managed to evade capture despite extensive efforts. Officials have issued public warnings as the search continues.



Share This Article