തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഗതാഗതവകുപ്പ് സമർപ്പിച്ച ശുപാർശകൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണുള്ളത്. പദ്ധതിയുടെ നടത്തിപ്പും സാമ്പത്തിക ക്രമീകരണങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉടൻ ഉന്നതതല യോഗം വിളിക്കുമെന്നാണ് വിവരം.
ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വനിതകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ആലോചന. എന്നാൽ ഏത് വിഭാഗം ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും വന്നിട്ടില്ല.
പദ്ധതി നടപ്പാക്കിയാൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് കൈമാറിയിട്ടുണ്ട്. മൂന്ന് മാസത്തെ കണക്കുപ്രകാരം എല്ലാ ബസുകളിലും പദ്ധതി നടപ്പാക്കിയാൽ ഏകദേശം 112 കോടി രൂപയുടെ അധിക ചെലവ് വരും. ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയാൽ 57 കോടി രൂപയും, ഓർഡിനറിയും സിറ്റി ഫാസ്റ്റും ഉൾപ്പെടുത്തിയാൽ 65 കോടി രൂപയും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടി രൂപയും അധികമായി ആവശ്യമായി വരുമെന്നാണ് കണക്കുകൾ.
സംസ്ഥാനത്ത് പ്രതിദിനം 10 മുതൽ 12 ലക്ഷം വരെ വനിതാ യാത്രക്കാർ കെഎസ്ആർടിസി സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. സൗജന്യ യാത്ര നിലവിൽ വന്നാൽ യാത്രക്കാരുടെ എണ്ണം കൂടുതൽ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ തുക സർക്കാർ മുൻകൂറായി അനുവദിക്കണമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ രൂപരേഖ തയ്യാറാക്കും.
English Summary:
The Kerala government is moving closer to implementing free bus travel for women in KSRTC services, with a final decision expected from the Chief Minister soon. The scheme is likely to be launched by June 15. Officials are evaluating different implementation models, with projected costs ranging from ₹57 crore to ₹112 crore over three months, depending on the categories of buses included. KSRTC has requested advance financial support from the government to operate the scheme.
