തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ വിവിധ അപകടങ്ങളിലായി ഏഴുപേർ മരിച്ചു. മരം വീഴ്ച, വാഹനാപകടം, ഒഴുക്കിൽപ്പെടൽ, വൈദ്യുതാഘാതം തുടങ്ങിയ സംഭവങ്ങളാണ് വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തത്.
മലപ്പുറം ദേശീയപാത 66ൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളുൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശൂർ സ്വദേശികളായ ഷാഫിദ്, ഭാര്യ ഷഹീന, ബന്ധുവായ ജഹാന ഷെറിൻ എന്നിവരാണ് മരിച്ചത്.
മലപ്പുറം ചാലിയാറിൽ മീൻപിടിക്കാൻ പോയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചതായും റിപ്പോർട്ടുണ്ട്. തൃശൂരിൽ റോഡരികിലെ വാകമരം കടപുഴകി വീണ് ഒരാൾ മരിച്ചു. കോഴിക്കോട് പെരിങ്ങളത്തിന് സമീപം ആംബുലൻസ് മറിഞ്ഞ് ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്ന വയോധികയും മരിച്ചു.
കുന്നംകുളം ആനായ്ക്കലിൽ ക്ഷേത്രത്തിലെ ഇരുമ്പ് മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് തുടരും.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
English Summary:
Heavy rainfall across Kerala has claimed seven lives in separate incidents involving road accidents, drowning, falling trees, and electrocution. Three people, including a couple, died in a highway accident in Malappuram. The India Meteorological Department has issued Red Alerts for five northern districts, warning of extremely heavy rainfall. Educational institutions in several districts have been closed as a precautionary measure.
