തിരുവനന്തപുരം: വിദേശപഠനത്തിനായി സംസ്ഥാനത്തുനിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നു. നയപരമായ തീരുമാനം മന്ത്രിസഭയും യു.ഡി.എഫും അംഗീകരിച്ച ശേഷം ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
നിലവിലുള്ള മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളുമായി സഹകരിച്ചോ സ്വതന്ത്രമായോ വിദേശ സർവകലാശാലകൾക്ക് ക്യാമ്പസുകൾ ആരംഭിക്കാനാകും. ഇതിലൂടെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ സംസ്ഥാനത്ത് തന്നെ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഉന്നത വിദ്യാഭ്യാസ മന്ത്രി Roji M John വിദേശ സർവകലാശാലകളോടുള്ള സംസ്ഥാനത്തിന്റെ സമീപനം അനുകൂലമാണെന്ന് വ്യക്തമാക്കി. ആഗോള റാങ്കിംഗിൽ ആദ്യ 500 സ്ഥാനങ്ങളിലുള്ള സർവകലാശാലകൾക്കാണ് ക്യാമ്പസ് തുടങ്ങാൻ കേന്ദ്ര നയം അനുമതി നൽകുന്നത്.
വിദേശ ക്യാമ്പസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃ സർവകലാശാല നൽകുന്ന അതേ നിലവാരത്തിലുള്ള ബിരുദം ലഭിക്കും. സിലബസ്, മൂല്യനിർണയം, അധ്യാപനരീതി എന്നിവ വിദേശ ക്യാമ്പസുകളുടേതിന് സമാനമായിരിക്കും. ഇന്ത്യയിലെയും വിദേശത്തെയും അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കും.
വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകൾ പഠിക്കാനും ലോകമെമ്പാടും അംഗീകാരമുള്ള ബിരുദങ്ങൾ നേടാനും ഇതിലൂടെ അവസരം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഫീസിളവും സ്കോളർഷിപ്പുകളും നൽകണമെന്ന് യു.ജി.സി നിർദേശിച്ചിട്ടുണ്ട്.
പ്രതിവർഷം ഏകദേശം 40,000 മലയാളികളാണ് വിദേശ പഠനത്തിനായി പോകുന്നതെന്നാണ് കണക്കുകൾ. വിദേശ സർവകലാശാലകളുടെ സാന്നിധ്യം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശ നൽകുമെന്നാണ് വിലയിരുത്തൽ.
English Summary:
The Kerala government is considering allowing foreign university campuses in the state to reduce the outflow of students seeking higher education abroad. The proposal is expected to be included in the state budget after policy approval. Foreign universities ranked among the world’s top 500 may be permitted to establish campuses, offering internationally recognized degrees, modern courses, and global academic standards at comparatively lower costs.
