മിച്ചൽ സ്റ്റാർക്കായി വെളുത്തുള്ളി; സഞ്ജു സാംസൺ സ്റ്റൈലിൽ തക്കാളി; കോഹ്‌ലിയെപ്പോലെ സെഞ്ച്വറി അടിച്ച് ബീൻസ്; പോക്കറ്റ് കാലിയാക്കി വിപണിയിലെ ഐപിഎൽ മാച്ച്!

2 Min Read

തൃശൂർ: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പച്ചക്കറി വിലയും കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഇനം പച്ചക്കറികളുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നേരത്തെ കിലോയ്ക്ക് 50 രൂപയിൽ താഴെയായിരുന്ന പല പച്ചക്കറികളും ഇപ്പോൾ 80 മുതൽ 100 രൂപ വരെയാണ് വിപണിയിൽ വിൽക്കുന്നത്.

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വിലയാണ് ഏറ്റവും കൂടുതൽ ഉയർന്നത്. ഏതാനും ദിവസം മുമ്പ് നൂറ് രൂപയിൽ താഴെയായിരുന്ന ഇഞ്ചി ഇപ്പോൾ കിലോയ്ക്ക് 170 രൂപയിലെത്തി. വെളുത്തുള്ളിക്ക് 250 രൂപ വരെയാണ് വില. കാരറ്റ്, ബീൻസ്, കയ്പക്ക, തക്കാളി, മുരിങ്ങക്ക തുടങ്ങിയവയ്ക്കും വില ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

സ്കൂളുകൾ തുറന്നതോടെ വീടുകളിലും ഹോസ്റ്റലുകളിലും പച്ചക്കറി ഉപയോഗം വർദ്ധിച്ചതും വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികൾ പറയുന്നു. ഇന്ധനവില വർദ്ധനയും ചരക്ക് ഗതാഗതച്ചെലവ് ഉയർന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്.

പച്ചക്കറികൾക്കൊപ്പം പലചരക്ക് സാധനങ്ങളുടെയും ഇറച്ചിക്കോഴിയുടെയും വിലയും ഉയരുകയാണ്. ഹോട്ടൽ മേഖലയിലും വിലക്കയറ്റത്തിന്റെ പ്രതിഫലനം പ്രകടമാണ്. ചായ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

നിലവിലെ ചില്ലറവില (കിലോയ്ക്ക്):

  • ഇഞ്ചി – ₹170
  • വെളുത്തുള്ളി – ₹250
  • ബീൻസ് – ₹100
  • മുരിങ്ങക്ക – ₹100
  • കാരറ്റ് – ₹80
  • തക്കാളി – ₹60
  • വഴുതനങ്ങ – ₹60
  • പയർ – ₹60
  • വെണ്ടക്ക – ₹50
  • കയ്പക്ക – ₹50
  • കാബേജ് – ₹50

വിലക്കയറ്റം കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിക്കുന്നത്.

English Summary:
Vegetable prices have surged sharply across Kerala, with some items nearly doubling in price within a week. Ginger has risen to ₹170 per kg and garlic to ₹250 per kg, while beans, carrots, and drumsticks have also seen significant increases. Traders attribute the rise to increased demand after schools reopened and higher transportation costs due to fuel price hikes. The price rise is also impacting hotels and household budgets.



Share This Article