facebook

തല മുണ്ഡനം ചെയ്ത് പൊതുമധ്യത്തിൽ നടത്തിപ്പ്; കുറ്റവാളികളെ വിറപ്പിക്കാൻ ഹൗറാ പൊലീസിന്റെ ‘പുതിയ രീതി’

1 Min Read

കൊൽക്കത്ത: കുറ്റവാളികളിൽ ഭയം സൃഷ്ടിക്കാനും പൊതുജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാനുമായി പശ്ചിമ ബംഗാളിൽ പൊലീസ് സ്വീകരിച്ച പുതിയ നടപടി വിവാദമാകുന്നു. അറസ്റ്റിലാകുന്ന കുപ്രസിദ്ധ കുറ്റവാളികളെ അർദ്ധനഗ്നരാക്കി പൊതുമധ്യത്തിൽ തെരുവിലൂടെ നടത്തിക്കുന്നതാണ് ഹൗറാ പൊലീസിന്റെ പുതിയ രീതി.

ഭരണപരമായ മാറ്റങ്ങൾക്ക് പിന്നാലെ മെയ് നാല് മുതൽ കടുത്ത നടപടികളിലേക്കാണ് പൊലീസ് കടന്നതെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ഭീതി വിതച്ചിരുന്ന പ്രദേശങ്ങളിലൂടെ തന്നെയാണ് ഇപ്പോൾ കുറ്റവാളികളെ പൊലീസ് നടത്തിക്കുന്നത്.

നോർത്ത് ഹൗറയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായി അറിയപ്പെടുന്ന ആകാശ് സിംഗിനെ തല മുണ്ഡനം ചെയ്ത് സ്ലീവ്ലെസ് ബനിയൻ മാത്രം ധരിപ്പിച്ച നിലയിൽ പൊലീസ് തെരുവിലൂടെ നടത്തിച്ചു. ഇയാളെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ഇയാൾ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും ബോംബേറുകളും നടന്ന സ്ഥലങ്ങളിൽ എത്തിച്ച് സംഭവസ്ഥല പരിശോധനയും പൊലീസ് നടത്തി. 2021 മുതൽ നടന്ന വിവിധ ക്രിമിനൽ സംഭവങ്ങളുമായി ബന്ധപ്പെട്ട തെളിവെടുപ്പും അന്വേഷണവും ഇതിനിടെ നടന്നു.

സൗത്ത് ഹൗറയിലെ സങ്ക്രെയിൽ മേഖലയിൽ ഷഹീൻ മൊല്ലയെയും സമാന രീതിയിൽ പൊതുമധ്യത്തിലൂടെ നടത്തിച്ചു. പ്രാദേശിക എം.എൽ.എയുടെ പേരിൽ പണം തട്ടിയെന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്.

ഇതിന് പിന്നാലെ ഷിബ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷമീം അഹമ്മദ് എന്നറിയപ്പെടുന്ന മറ്റൊരു പ്രതിയെയും പൊലീസ് പൊതുമധ്യത്തിൽ എത്തിച്ചു. ഇയാൾ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുടെ ഭർത്താവുമാണെന്നാണ് റിപ്പോർട്ടുകൾ.

കുറ്റവാളികൾക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് ഈ നടപടിയെന്നാണ് പൊലീസ് വിശദീകരണം. പ്രദേശവാസികളിൽ നിന്ന് കൂടുതൽ പരാതികൾ ലഭിക്കുന്നതായും ജനങ്ങളിലെ ഭയം കുറയ്ക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം, മനുഷ്യാവകാശ ലംഘനമാണെന്ന വിമർശനവും നടപടിക്കെതിരെ ഉയരുന്നുണ്ട്.

English Summary: West Bengal Police in Howrah have sparked controversy by publicly parading alleged criminals in semi-nude condition through streets. Police say the move is aimed at restoring public confidence and deterring criminal activities.

 

 

Share This Article