ലണ്ടൻ: ചികിത്സ തേടിയെത്തിയ രോഗിയുമായി സ്വകാര്യബന്ധം പുലർത്തിയെന്ന പരാതിയിൽ ഇന്ത്യൻ വംശജനായ ന്യൂറോസർജനെ എട്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ചിരാഗ് പട്ടേലിനെതിരെയാണ് നടപടി.
മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രൈബ്യൂണൽ സർവീസാണ് അന്വേഷണത്തിന് പിന്നാലെ നടപടി സ്വീകരിച്ചത്.
നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് 2019-ൽ യുവതി രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും ശേഷമാണ് ഡോക്ടറും രോഗിയും തമ്മിൽ സ്വകാര്യബന്ധം ആരംഭിച്ചതെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.
പിന്നീട് 2023-ൽ സ്പൈനൽ കോർഡ് സ്റ്റിമുലേറ്റർ ഘടിപ്പിക്കുന്ന മൂന്നാമത്തെ ശസ്ത്രക്രിയയും ഡോ. പട്ടേൽ തന്നെയായിരുന്നു നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബന്ധം വഷളായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് ട്രൈബ്യൂണലിന്റെ പരിഗണനയിൽ എത്തുകയും കാർഡിഫ് ആൻഡ് വെയിൽ ഹെൽത്ത് ബോർഡിന് കൈമാറുകയും ചെയ്തു.
ഡോക്ടർ രോഗിക്ക് ഡയാസെപാം ഉൾപ്പെടെയുള്ള ശക്തമായ വേദനസംഹാരികൾ ആവശ്യത്തിനുമപ്പുറം നിർദേശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മരുന്ന് നൽകിയ വിവരങ്ങൾ മെഡിക്കൽ രേഖകളിൽ രേഖപ്പെടുത്താത്തതും രോഗിയുടെ കുടുംബ ഡോക്ടറെ അറിയിക്കാത്തതും ഗുരുതര വീഴ്ചയായാണ് ട്രൈബ്യൂണൽ വിലയിരുത്തിയത്.
രോഗിയുമായി സ്വകാര്യബന്ധം പുലർത്തിയതും അശ്ലീല ചിത്രങ്ങൾ അയച്ചതും ഡോക്ടർ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പരാതിക്കാരിയുടെ ഭീഷണിയും സമ്മർദ്ദവും മൂലമാണ് ബന്ധം തുടർന്നതെന്നാണ് ഡോക്ടറുടെ വിശദീകരണം.
English Summary: Indian-origin neurosurgeon Dr. Chirag Patel has been suspended for eight months in the UK after an investigation found he had an inappropriate relationship with a patient and prescribed strong painkillers without proper documentation.

