തണുപ്പ് കൂടിയെന്ന് പരാതി, എസി ഓഫാക്കി;  ഒരു മണിക്കൂറിനിടെ പൊലിഞ്ഞത് ആറ് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ

1 Min Read
1 Min Read

ധാക്ക: ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ എസി പ്രവർത്തനം നിർത്തിവച്ചതിന് പിന്നാലെ ആറ് നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചു. ധാക്കയിലെ അദ്-ദിൻ സ്വകാര്യ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.

ജനിച്ച് ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ആദ്യ ശിശുവിന്റെ മരണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാവിലെ ഒൻപതരയോടെ മറ്റ് കുട്ടികളും മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

പുലർച്ചെ രണ്ടുമണിയോടെ വാർഡിൽ കുട്ടികൾക്ക് അമിത തണുപ്പ് അനുഭവപ്പെടുന്നതായി ഒരാൾ പരാതിപ്പെട്ടതിനെ തുടർന്ന് എസി ഏകദേശം ഒരു മണിക്കൂറോളം ഓഫ് ചെയ്തിരുന്നു. പിന്നീട് ചൂട് കൂടിയതോടെ എസി വീണ്ടും പ്രവർത്തിപ്പിച്ചു.

തുടർന്ന് രണ്ട് കുഞ്ഞുങ്ങൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അവരെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് വീണ്ടും വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസമയത്ത് ധാക്കയിലെ താപനില ഏകദേശം 32 ഡിഗ്രി സെൽഷ്യസായിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിൽ വായുസഞ്ചാരം നിലച്ചതായും അന്തരീക്ഷം ശ്വാസംമുട്ടിക്കുന്ന തരത്തിലായിരുന്നുവെന്നും ആരോഗ്യ വകുപ്പ് മേധാവി പ്രഭാത് ചന്ദ്ര ബിശ്വാസ് പറഞ്ഞു.

എസിക്കുണ്ടായ തകരാറിനെ തുടർന്ന് വാതക ചോർച്ച ഉണ്ടായിരിക്കാമെന്ന സംശയവും പ്രാഥമിക അന്വേഷണത്തിൽ ഉയർന്നിട്ടുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യനില വഷളാകാൻ കാരണമായിരിക്കാമെന്നാണ് വിലയിരുത്തൽ.

സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

English Summary: Six newborn babies died at a private hospital in Dhaka after an air-conditioning unit in the ward was reportedly switched off for nearly an hour. Authorities have launched an investigation into possible ventilation failure or gas leakage.

 

Share This Article