കൊച്ചി: ഗോത്ര വിഭാഗങ്ങളിൽ നിന്ന് കൂടുതൽ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും വളർത്തുന്നതിനായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ (കെ.എസ്.യു.എം) കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി കൈകോർക്കുന്നു. രാജ്യത്ത് ഒരു വർഷത്തിനകം 1000 ഗോത്ര സംരംഭങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും സംരംഭകത്വ വികസനത്തിന് പുതിയ അവസരം ഒരുങ്ങുന്നത്.
കേന്ദ്രം തിരഞ്ഞെടുത്ത 10 ഏജൻസികളിൽ ഒന്നാണ് കെ.എസ്.യു.എം. പദ്ധതി നടപ്പാക്കുന്നതിനായി ഐ.ഐ.എമ്മുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
ഗോത്ര സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം
കേരളത്തിലെ ഗോത്ര വിഭാഗങ്ങളിൽ നിന്ന് സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും കണ്ടെത്തി ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുകയാണ് കെ.എസ്.യു.എമ്മിന്റെ പ്രധാന ചുമതല.
ഇതിന്റെ ഭാഗമായി 100 സംരംഭങ്ങൾക്ക് എസ്.ടി വിഭാഗങ്ങൾക്കായുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് (VCF-ST) വഴി സഹായം നൽകും. കൂടാതെ, പദ്ധതികളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും സംരംഭങ്ങൾക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തുകയും ചെയ്യും.
ഗോത്ര സംരംഭങ്ങൾക്ക് വിപണിയും മൂലധനവും
സംരംഭകരെ കണ്ടെത്തിയശേഷം ആവശ്യമായ മൂലധനം, വിപണി സാധ്യത, നിക്ഷേപക ശൃംഖല എന്നിവ ലഭ്യമാക്കാനും കെ.എസ്.യു.എം ലക്ഷ്യമിടുന്നു. ഇതോടെ ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള സംരംഭങ്ങൾ ലാഭകരമായ ബിസിനസുകളായി വളർത്താനുള്ള അവസരമൊരുങ്ങും.
അതേസമയം, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി ‘ഉന്നതി’ പദ്ധതിയും കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി നടപ്പാക്കുന്നുണ്ട്. കോ-വർക്കിംഗ് സ്പേസ്, ഫണ്ട്, ഗ്രാന്റ് തുടങ്ങിയവയിലൂടെയാണ് പദ്ധതിയുടെ പിന്തുണ.
ഐ.ടി, എ.ഐ മേഖലകളിലും അവസരം
ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക മേഖലകൾക്ക് പുതിയ പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകും. ഇൻക്യുബേഷൻ, മെന്റർഷിപ്പ് തുടങ്ങിയ സേവനങ്ങളിലൂടെ ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാനും സഹായിക്കും.
കൂടാതെ, വനവിഭവങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ഗോത്ര കലാരൂപങ്ങൾ തുടങ്ങിയവ വിപണിയിലെത്തിക്കാവുന്ന പദ്ധതികൾക്കും പ്രോത്സാഹനം നൽകും.
ഗോത്ര സംരംഭങ്ങൾക്ക് വിപണി പരിചയവും നിക്ഷേപവും
രാജ്യത്തെ മൊത്തം സ്റ്റാർട്ടപ്പുകളും പട്ടികവർഗ വിഭാഗങ്ങൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ആസൂത്രിത പിന്തുണയ്ക്കൊപ്പം സാമ്പത്തിക സഹായം, വിപണി പരിചയം, നിക്ഷേപക ശൃംഖല എന്നിവ ലഭ്യമാക്കുന്നതിലൂടെ ഗോത്ര സംരംഭകരെ കൂടുതൽ ശക്തമായ ബിസിനസ് മേഖലകളിലേക്ക് എത്തിക്കാനാണ് ശ്രമം.
“ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ ഗോത്ര വിഭാഗങ്ങളെ ഉൾച്ചേർത്ത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പദ്ധതിയാണ് ആവിഷ്കരിക്കുക,” കെ.എസ്.യു.എം സി.ഇ.ഒ ഡോ. അനൂപ് അംബിക പറഞ്ഞു.
VCF-ST വഴി എന്ത് സഹായം?
VCF-ST പദ്ധതിയിലൂടെ ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും പങ്കാളിത്തവും നൽകും. നവീന ആശയങ്ങൾക്ക് സാങ്കേതിക ഇൻക്യൂബേഷൻ നൽകുകയും അവയെ വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭങ്ങളാക്കി മാറ്റുകയും ചെയ്യും.
ഇതോടെ ഗോത്ര സമൂഹങ്ങളിൽ തൊഴിൽ തേടുന്നവരെ മാത്രം സൃഷ്ടിക്കുന്നതിന് പകരം തൊഴിൽ നൽകുന്ന സംരംഭകരെ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
