തൃശൂർ: കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മത്സ്യബന്ധന മേഖലയെ ബാധിച്ചതോടെ തൃശൂർ തീരത്തെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. മത്സ്യലഭ്യത 60 മുതൽ 70 ശതമാനം വരെ കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴീക്കോട്, മുനമ്പം ഹാർബറുകൾക്ക് പുറമെ കയ്പമംഗലം, കൂരിക്കുഴി, നാട്ടിക, വാടാനപ്പള്ളി, വലപ്പാട് തുടങ്ങിയ ലാൻഡിംഗ് കേന്ദ്രങ്ങളിലും മത്സ്യവരവ് കുറഞ്ഞതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
മത്സ്യലഭ്യത കുറഞ്ഞു; പരമ്പരാഗത തൊഴിലാളികൾ പ്രതിസന്ധിയിൽ
വർഷകാലത്തിന് ശേഷമുള്ള ചിങ്ങം, കന്നി മാസങ്ങളിൽ പരമ്പരാഗത വള്ളക്കാർക്കും ചൂണ്ടക്കാർക്കും സാധാരണയായി ലഭിച്ചിരുന്ന ചാള, അയല, ചൂരക്കണ്ണി, കേര തുടങ്ങിയ മത്സ്യങ്ങളുടെ വരവാണ് ഇത്തവണ കുറഞ്ഞത്.
അതേസമയം, ബോട്ടുകൾക്ക് ലഭിച്ചിരുന്ന കരിക്കാടി, കണവ തുടങ്ങിയവയ്ക്കും ക്ഷാമമുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. മീൻ കുറഞ്ഞതോടെ ബോട്ടുകളുടെ അറ്റകുറ്റപ്പണിയും വായ്പാ തിരിച്ചടവും മുടങ്ങുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ പറയുന്നു.
എൽനിനോയും കടൽച്ചൂടും ആശങ്ക ഉയർത്തുന്നു
മഴയുടെ കുറവും കാലവർഷം കൃത്യസമയത്ത് ലഭിക്കാത്തതും കടലിന്റെ സ്വാഭാവിക പാരിസ്ഥിതിക സാഹചര്യങ്ങളെ ബാധിക്കുന്നതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
എൽനിനോയുടെ സ്വാധീനത്തിൽ അറബിക്കടലിലെ ചൂട് ഉയരുന്നത് മത്സ്യങ്ങളുടെ ആവാസമേഖല, സഞ്ചാരപാത, ഭക്ഷ്യലഭ്യത എന്നിവയിൽ മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനങ്ങളും മുന്നറിയിപ്പുകളും വ്യക്തമാക്കുന്നു. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയിലും വലുപ്പത്തിലും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
മത്സ്യഫെഡ് സഹായം മുടങ്ങിയെന്ന് പരാതി
മത്സ്യഫെഡ് വഴിയുള്ള വായ്പകളും ആനുകൂല്യങ്ങളും മുടങ്ങിയതോടെ ഉയർന്ന പലിശ ഈടാക്കുന്ന സ്വകാര്യ വ്യക്തികളെയും ഇടനിലക്കാരെയുമാണ് തൊഴിലാളികൾ ആശ്രയിക്കുന്നതെന്ന് സംഘടനകൾ പറയുന്നു.
പ്രശ്നം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിമാരുമായും പലതവണ ചർച്ച നടത്തിയെങ്കിലും ഭാവി മുന്നിൽക്കണ്ടുള്ള സ്ഥിരം പരിഹാരമാണ് തൊഴിലാളികളുടെ ആവശ്യം. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്കും തൊഴിലാളികൾക്കും അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
‘ഡബിൾ നെറ്റ്’ മത്സ്യബന്ധനം പ്രതിസന്ധി രൂക്ഷമാക്കുന്നതായി ആരോപണം
അനധികൃത മത്സ്യബന്ധനവും നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതായി മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. വലിയ ബോട്ടുകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലെയും മേൽത്തട്ടിലെയും മത്സ്യങ്ങളെ ഒരേസമയം വാരിയെടുക്കുന്ന ‘ഡബിൾ നെറ്റ്’ സമ്പ്രദായം ആഴക്കടലിൽ സജീവമാണെന്നാണ് ആരോപണം.
ചെറിയ മത്സ്യങ്ങളെയും ഇത്തരം മത്സ്യബന്ധന രീതികൾ ബാധിക്കുന്നതായി തൊഴിലാളികൾ പറയുന്നു. മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടി പിഴ ചുമത്തിയാലും പിന്നീട് വീണ്ടും ഈ രീതിയിലുള്ള മത്സ്യബന്ധനം തുടരുന്നതായും അവർ ആരോപിക്കുന്നു.
ട്രോളിങ് നിരോധന കാലയളവിൽ മാറ്റം വേണമെന്ന് ആവശ്യം
നിലവിലെ ജൂൺ–ജൂലൈ മാസങ്ങളിലെ ട്രോളിങ് നിരോധനം ഏപ്രിൽ–മേയ് മാസങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. പ്രായോഗികമായ അടിയന്തര പാക്കേജുകളും ആവശ്യമായ നിയമനടപടികളും നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
“മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റാൻ സർക്കാർ ഇടപെടലുകളിലൂടെയേ കഴിയൂ. പ്രായോഗികമായ അടിയന്തര പാക്കേജുകളോ നിയമനടപടികളോ ഉടൻ നടപ്പാക്കണം.”
— ഇ.കെ. ദാസൻ
English Summary
Fishing communities along the Thrissur coast are facing a serious livelihood crisis as fish availability has reportedly declined by 60–70%. Fishermen say traditional catches such as sardine, mackerel and tuna have become scarce, while squid and other varieties available to fishing boats have also declined. They attribute the situation to reduced rainfall, changing climate conditions and the impact of El Niño. Recent studies have also warned that rising sea temperatures could affect the availability and size of important fish species such as sardines and mackerel.
