facebook

രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് 11 മുതൽ 4 വരെ ഗതാഗത നിയന്ത്രണം

3 Min Read

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറേറ്റ് പരിധിയിലെ വിവിധ പ്രധാന റോഡുകളിലാണ് നിയന്ത്രണം. യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും സാധ്യമാകുന്നവർ കൊച്ചി മെട്രോ പരമാവധി ഉപയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു.

കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകൾ

നേവൽ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ തുടങ്ങിയ മേഖലകളിൽ നിയന്ത്രണമുണ്ടാകും.

കലൂർ–പേരണ്ടൂർ റോഡ്, ദേശാഭിമാനി–പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി–ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ–ബി.ടി.എസ്. ജങ്ഷൻ റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ആലുവ–പാലാരിവട്ടം പി.ഡബ്ല്യു.ഡി. റോഡിൽ ഭാഗിക നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആലുവയിൽ നിന്ന് കലൂരിലേക്ക് പോകുന്നവർ

ആലുവയിൽനിന്ന് കലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂർ–കതൃക്കടവ് റോഡ് വഴി യാത്ര ചെയ്യണം.

ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കണം.

കാക്കനാട്, തോപ്പുംപടി ഭാഗങ്ങളിൽ നിന്നുള്ള യാത്ര

കാക്കനാട് ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി–ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റ് എടുത്ത് കണ്ടെയ്‌നർ റോഡിൽ പ്രവേശിക്കണം.

തോപ്പുംപടിയിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവർ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം, കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം വഴി യാത്ര ചെയ്യണം.

ആലുവയിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക്

ആലുവയിൽനിന്ന് ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി ഗ്രാൻഡ് മാളിന് മുന്നിലൂടെ എൻ.എച്ച്. 66 വഴി വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി വഴി യാത്ര ചെയ്യണം.

വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്‌നർ റോഡ് ഭാഗങ്ങളിൽനിന്ന് കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കണം.

വൈപ്പിനിൽനിന്ന് തോപ്പുംപടി ഭാഗത്തേക്ക് പോകുന്നവർ ഫോർട്ട്കൊച്ചി–വൈപ്പിൻ ജങ്കാർ സർവീസ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് നിർദേശിച്ചു.

കൊച്ചിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം

പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി നഗരപരിധിയിൽ ഇന്ന് സമ്പൂർണ ഡ്രോൺ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, വാത്തുരുത്തി മുതൽ തേവര, എം.ജി. റോഡ്, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള റൂട്ടിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്.

യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്നും നിയന്ത്രണങ്ങൾ നിലവിലുള്ള സമയത്ത് കൊച്ചി മെട്രോ പരമാവധി ഉപയോഗിക്കണമെന്നും സിറ്റി പൊലീസ് അറിയിച്ചു.

English Summary

Traffic restrictions will be in force in Kochi from 11 am to 4 pm on September 18 in connection with Defence Minister Rajnath Singh’s visit. Several major roads and junctions, including Naval Base, Thevara, Marine Drive, High Court Junction, Banerjee Road, Kaloor and Edappally, will be affected. Alternative routes have been prescribed for motorists, while a complete drone restriction will also be in force across the Kochi city limits.

Share This Article