ന്യൂഡൽഹി:
തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിയന്ത്രിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. രാജ്യത്തെ വലിയൊരു വിഭാഗം വാഹനങ്ങൾ നിർബന്ധിത ഇൻഷ്വറൻസ് ഇല്ലാതെയാണ് നിരത്തിലിറങ്ങുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.
രാജ്യത്തെ 56 ശതമാനത്തിലധികം വാഹനങ്ങൾ തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ വാഹന ഇൻഷ്വറൻസ് നിർബന്ധമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിനും ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കും (IRDAI) കോടതി നിർദേശം നൽകി.
തേർഡ് പാർട്ടി ഇൻഷ്വറൻസ് പരിശോധിക്കുന്ന പൈലറ്റ് പദ്ധതി
പെട്രോൾ പമ്പുകളിൽ വാഹനങ്ങൾക്ക് സാധുവായ ഇൻഷ്വറൻസ് പോളിസിയുണ്ടോയെന്ന് പരിശോധിക്കാൻ കഴിയുന്ന രീതിയിലുള്ള പൈലറ്റ് പദ്ധതി രൂപീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
ഇതിലൂടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞ് ഇന്ധനം നൽകുന്നത് തടയാൻ സാധിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.
റോഡ് സുരക്ഷ ശക്തിപ്പെടുത്താൻ സുപ്രീം കോടതിയുടെ ഇടപെടൽ
തിരുപ്പതിയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
അതേസമയം, റോഡ് അപകടങ്ങളിൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ എല്ലാ വാഹനങ്ങൾക്കും സാധുവായ ഇൻഷ്വറൻസ് നിർബന്ധമാണെന്നും കോടതി നിരീക്ഷിച്ചു.
പുതിയ വാഹനങ്ങളുടെ ഇൻഷ്വറൻസ് കാലാവധി വർധിപ്പിക്കാനും നിർദേശം
കൂടാതെ, പുതിയ കാറുകളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് കാലാവധി നിലവിലെ മൂന്ന് വർഷത്തിൽ നിന്ന് നാല് വർഷമാക്കുന്നതും പുതിയ ഇരുചക്ര വാഹനങ്ങളുടേത് അഞ്ച് വർഷത്തിൽ നിന്ന് ആറ് വർഷമാക്കുന്നതും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
റോഡ് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ശുപാർശകളെന്ന് കോടതി വ്യക്തമാക്കി.
