തിരുവനന്തപുരം: ഭൂമിയുടെ ഭ്രമണപഥത്തിൽ വർധിച്ചുവരുന്ന ബഹിരാകാശ മാലിന്യം ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾക്കും വലിയ വെല്ലുവിളിയാകുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ 20 ഉപഗ്രഹങ്ങൾക്ക് മാലിന്യങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ 29 തവണ ഭ്രമണപഥം മാറ്റേണ്ടിവന്നതായി റിപ്പോർട്ട്. 1.5 ലക്ഷത്തിലേറെ തവണയാണ് കൂട്ടിയിടി ഭീഷണി നേരിട്ടത്.
ബഹിരാകാശ മാലിന്യം; 29 തവണ വഴിമാറി ഉപഗ്രഹങ്ങൾ
അന്താരാഷ്ട്ര ഇന്റർ ഏജൻസി സ്പെയ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ നേരിട്ട ഭീഷണിയുടെ കണക്ക് വ്യക്തമാക്കിയത്.
ഭൂമിയെ ചുറ്റി മണിക്കൂറിൽ ഏകദേശം 28,164 കിലോമീറ്റർ വേഗത്തിലാണ് ബഹിരാകാശ മാലിന്യം സഞ്ചരിക്കുന്നത്. അതിനാൽ ചെറിയ ലോഹവസ്തു പോലും ഉപഗ്രഹവുമായി കൂട്ടിയിടിച്ചാൽ ഗുരുതരമായ കേടുപാടുകൾക്ക് സാധ്യതയുണ്ട്.
ഏഴര ലക്ഷത്തിലേറെ ലോഹഭാഗങ്ങൾ
നശിച്ച ഉപഗ്രഹങ്ങളും റോക്കറ്റുകളുടെ അവശിഷ്ടങ്ങളുമാണ് പ്രധാനമായും ബഹിരാകാശ മാലിന്യമായി ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. ലോഹനിർമിതമായ നിരവധി വസ്തുക്കൾ പൂർണമായി കത്താതെ ചെറിയ ഭാഗങ്ങളായി ഭ്രമണപഥത്തിൽ തുടരുന്നു.
ഇത്തരത്തിൽ ഏഴര ലക്ഷത്തിലേറെ ലോഹഭാഗങ്ങൾ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. ചന്ദ്രനിലും 3000ത്തിലേറെ മനുഷ്യനിർമിത വസ്തുക്കൾ ചിതറിക്കിടക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഉപേക്ഷിച്ച വസ്തുക്കൾ പോയിന്റ് നെമോയിലേക്ക്
ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും റോക്കറ്റിന്റെ ചില ഭാഗങ്ങളും നിയന്ത്രിതമായി ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്ന് ശാന്തസമുദ്രത്തിലെ പോയിന്റ് നെമോ മേഖലയിൽ നിക്ഷേപിക്കുന്ന രീതിയും നിലവിലുണ്ട്.
നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഈ മേഖലയിൽ കിടക്കുന്നതായാണ് സൂചന. പഴയ റഷ്യൻ ബഹിരാകാശ നിലയമായ മിറും ഇത്തരത്തിൽ തിരിച്ചിറക്കിയവയിൽ ഉൾപ്പെടുന്നു.
മാലിന്യം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ പദ്ധതികൾ
ബഹിരാകാശ മാലിന്യത്തിന്റെ ഭീഷണി കുറയ്ക്കാൻ ഐഎസ്ആർഒ ഡെബ്രിസ് ഫ്രീ സ്പെയ്സ് മിഷൻ ആരംഭിച്ചിട്ടുണ്ട്. മാലിന്യങ്ങൾ നിരീക്ഷിക്കുന്നതിനായി ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ മൾട്ടി ഒബ്ജക്ട് ട്രാക്കിംഗ് റഡാറും സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനമായും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥമാണ് റഡാർ നിരീക്ഷിക്കുന്നത്. ഉപഗ്രഹങ്ങളിലേക്ക് വലിയ വസ്തുക്കൾ അടുക്കുന്നത് നേരത്തെ കണ്ടെത്താനും ആവശ്യമായ മുന്നറിയിപ്പ് നൽകാനും സംവിധാനത്തിന് കഴിയും.
30 സെന്റിമീറ്റർ വസ്തുവും കണ്ടെത്തും
ഹിമാലയത്തിലെ ലഡാക്കിലുള്ള ഹൻലേയിൽ നേത്ര എന്ന പേരിൽ വലിയ ബഹിരാകാശ മാലിന്യ നിരീക്ഷണ സംവിധാനം സ്ഥാപിച്ചുവരികയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
നെറ്റ്‌വർക്ക് ഫോർ സ്പെയ്സ് ട്രാക്കിംഗ് ആൻഡ് അനലിസിസ് എന്നാണ് NETRAയുടെ പൂർണരൂപം. 30 സെന്റിമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കളെ പോലും നിരീക്ഷിക്കാൻ ഈ സംവിധാനത്തിന് കഴിയുമെന്നാണ് വിവരം.
