സ്നേഹാലയം എന്ന പുതിയ പേര് സംസ്ഥാനത്തെ എല്ലാ വൃദ്ധസദനങ്ങളിലും പൂർണമായി പ്രാബല്യത്തിൽ കൊണ്ടുവരാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും പല സ്ഥലങ്ങളിലും പഴയ പേര് തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.
സ്നേഹാലയം എന്ന പേര് എല്ലാ രേഖകളിലും നടപ്പാക്കണം
സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്നാക്കി മാറ്റിയ സർക്കാർ ഉത്തരവ് എല്ലാ തലങ്ങളിലും നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
നെയിംബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ‘വൃദ്ധസദനം’ എന്നതിന് പകരം ‘സ്നേഹാലയം’ എന്ന പേര് ഉപയോഗിക്കാൻ ഭരണപരമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.
സർക്കാർ ഉത്തരവ് 2024 മുതൽ നിലവിൽ
സാമൂഹികനീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചതനുസരിച്ച്, 2024 ഡിസംബർ 2-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് (247/2024/SJD) പ്രകാരം വൃദ്ധസദനം എന്ന പേര് സ്നേഹാലയം എന്നാക്കി മാറ്റിയിരുന്നു.
എന്നാൽ നിലവിലും പല സ്ഥാപനങ്ങളിലും പഴയ പേര് ഉപയോഗിക്കുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി.
ബോധവൽക്കരണവും അടിയന്തര നടപടിയും വേണം
സ്നേഹാലയം എന്ന പേര് പൊതുപ്രയോഗത്തിൽ വ്യാപകമാക്കാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
വൃദ്ധർ എന്ന പേര് മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കിയത്.
അതേസമയം, വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
