തിരുവനന്തപുരം: കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സ്മാർട്ട് പി.ഡി.എസ് (പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) കേരളത്തിൽ നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കുന്ന റേഷൻ ധാന്യത്തിൽ ഒരു ലക്ഷം ടൺ വരെ കുറയാൻ സാധ്യത. നിലവിൽ 14.25 ലക്ഷം ടൺ ധാന്യം ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം വരുന്നത്. ഏപ്രിൽ ഒന്നിന് മുമ്പ് സംവിധാനം നടപ്പാക്കണമെന്നാണ് കേന്ദ്ര നിർദേശം.
സ്മാർട്ട് പി.ഡി.എസ് വരുന്നതോടെ റേഷൻ വിഹിതം കുറയുമോ?
സംസ്ഥാനത്തിന് കൂടുതൽ അരി വിഹിതം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് നിലവിലുള്ള വിഹിതത്തിൽ തന്നെ കുറവുണ്ടാകാനുള്ള സാഹചര്യം. പുതിയ സംവിധാനത്തിലൂടെ മുൻഗണനാ റേഷൻ കാർഡുകളുടെ കാര്യത്തിൽ കേന്ദ്രം കർശന പരിശോധന നടത്തും.
അതേസമയം, അർഹതാ മാനദണ്ഡങ്ങൾ പാലിക്കാത്ത കാർഡുകൾ കണ്ടെത്തുന്നതിനും തുടർച്ചയായി റേഷൻ വാങ്ങാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുമാണ് പരിശോധന ശക്തമാക്കുന്നത്.
മഞ്ഞ കാർഡിൽ 35 കിലോ ധാന്യം
കേരളത്തിൽ അതിദരിദ്ര വിഭാഗത്തിനായി അനുവദിച്ചിട്ടുള്ള എ.എ.വൈ (മഞ്ഞ) കാർഡിന് നിലവിൽ കാർഡ് ഒന്നിന് 35 കിലോ ധാന്യം ലഭിക്കുന്നുണ്ട്. ഇതിൽ 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമാണ്.
കുടുംബത്തിൽ ഒരാൾ മാത്രമാണെങ്കിലും 35 കിലോ ധാന്യം ലഭിക്കുന്ന രീതിയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഏകദേശം 5.95 ലക്ഷം മഞ്ഞ കാർഡുകളുണ്ട്.
കേന്ദ്ര വിഹിതത്തിൽ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് റേഷൻ
എന്നാൽ കേന്ദ്ര വിഹിതത്തിൽ ഒരു അംഗത്തിന് അഞ്ച് കിലോ ധാന്യം എന്നതാണ് കണക്ക്. രണ്ട് അംഗങ്ങളുള്ള കുടുംബത്തിന് 10 കിലോയും നാല് അംഗങ്ങളുള്ള കുടുംബത്തിന് 20 കിലോയും എന്നിങ്ങനെയാണ് വിഹിതം നിശ്ചയിക്കുന്നത്.
ഇതോടെ കേരളത്തിൽ നിലവിൽ ലഭിക്കുന്ന കാർഡ് അടിസ്ഥാനത്തിലുള്ള വിഹിതവും കേന്ദ്രത്തിന്റെ അംഗാധിഷ്ഠിത കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടാകാം.
റേഷൻ വാങ്ങാത്തവർക്കും നിയന്ത്രണം
തുടർച്ചയായി റേഷൻ വാങ്ങാത്ത മഞ്ഞ, പിങ്ക് കാർഡ് ഉടമകളെയും സൗജന്യ റേഷൻ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിയുണ്ടാകും.
കൂടാതെ, മുൻഗണനാ കാർഡുകളുടെ അർഹത കേന്ദ്രതലത്തിൽ പരിശോധിക്കുന്നതോടെ നിലവിൽ ആനുകൂല്യം ലഭിക്കുന്നവരിൽ ചിലർ പട്ടികയിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ട്.
ഏപ്രിലിന് മുമ്പ് കേരളത്തിൽ സ്മാർട്ട് പി.ഡി.എസ്
ഏപ്രിൽ ഒന്നിന് മുമ്പായി സ്മാർട്ട് പി.ഡി.എസ് കേരളത്തിൽ നടപ്പാക്കണമെന്നാണ് കേന്ദ്ര നിർദേശം. ആദ്യഘട്ടത്തിൽ ഒരു ജില്ലയിലായിരിക്കും സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക.
എന്നാൽ ഏത് ജില്ലയിലാണ് ആദ്യഘട്ട നടപ്പാക്കൽ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആദ്യഘട്ടത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
English Summary:
The Centre’s Smart PDS system may lead to a reduction of up to one lakh tonnes in Kerala’s foodgrain allocation. Kerala currently receives around 14.25 lakh tonnes. Under the new system, priority ration cards will face stricter verification, while beneficiaries who repeatedly fail to collect ration may be removed from the free-ration scheme. The Centre has directed Kerala to implement Smart PDS before April 1, initially in one district.
