കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറിയിടിച്ച് പത്തനംതിട്ട സ്വദേശിനി അലീന മരിച്ചു

1 Min Read

മൈസൂരു: കർണാടകയിലെ മണ്ഡ്യയിൽ ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്.

മണ്ഡ്യയിലെ സ്വകാര്യ നഴ്സിങ് കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന അലീന, ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇന്തുവാലുവിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് എത്തിയ ടിപ്പർ ലോറി ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അലീന സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മിംസ്) ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ചു.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മാതാപിതാക്കളായ അനു മാത്യുവും ലിൻസി സൂസൻ അനുവും ഇന്ന് നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. സഹോദരൻ അലൻ അനുവാണ്.

അപകടവുമായി ബന്ധപ്പെട്ട ആശുപത്രി, പൊലീസ് നടപടിക്രമങ്ങൾ സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.

English Summary:
Malayali nursing student Aleena Susan Anu (20), a third-year student at a private nursing college in Mandya, Karnataka, died in a tragic road accident after a tipper lorry hit the two-wheeler she was travelling on with a friend. The accident occurred on a service road in Induvalu. Her friend escaped with minor injuries. The body was shifted to MIMS Hospital for postmortem and will be taken home for funeral rites after her parents arrive from Saudi Arabia.

Share This Article