ബാങ്ക് തട്ടിപ്പിൽ മലയാളി നഴ്സിന് നഷ്ടമായത് 46,000 യൂറോ
ഡബ്ലിൻ: അയർലൻഡിലെ ബ്ലാക്ക്റോക്കിൽ താമസിക്കുന്ന മലയാളി നഴ്സിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു മാസത്തോളം നീണ്ട കാലയളവിൽ ഏകദേശം 46,000 യൂറോ അനധികൃതമായി മാറ്റിയതായി പരാതി. എ ഐ ബി അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യമാണ് പല ഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മാറ്റിയതെന്നാണ് ഇടപാട് വിവരങ്ങളിൽ നിന്ന് വ്യക്തമായത്. സംഭവം സംബന്ധിച്ച് ഗാർഡയിലും ബാങ്കിലും പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി തന്റെ പ്രധാന സമ്പാദ്യം എ ഐ ബി അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം മാത്രമാണ് ഇടയ്ക്കിടെ എ ഐ ബി അക്കൗണ്ടിൽ നിന്ന് റവലൂട്ട് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. അതുകൊണ്ടുതന്നെ എ ഐ ബി അക്കൗണ്ടിലെ ബാലൻസ് എല്ലാ ദിവസവും പരിശോധിക്കുന്ന പതിവ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ചെറിയ തുകകളായി പണം മാറ്റി
ഈ സാഹചര്യമാണ് തട്ടിപ്പുകാർ മുതലെടുത്തതെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ടിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയതിന് ശേഷം ഒറ്റത്തവണ വലിയ തുക പിൻവലിക്കുന്നതിന് പകരം പല ദിവസങ്ങളിലായി വ്യത്യസ്ത തുകകളാണ് മാറ്റിയത്. ചെറിയതും വലുതുമായ ഇടപാടുകൾ പല ഘട്ടങ്ങളിലായി നടന്നതിനാൽ അസാധാരണമായ പണമിടപാട് ഉടൻ ശ്രദ്ധയിൽപ്പെടാതെ പോയതായാണ് കരുതുന്നത്.
ഏകദേശം നൂറ്ററുപതോളം വ്യത്യസ്ത ഇടപാടുകളിലൂടെയാണ് പണം പല ഭാഗങ്ങളിലേക്ക് പോയതെന്നാണ് ലഭ്യമായ വിവരം. ചില തുകകൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയപ്പോൾ മറ്റു ചില ഇടപാടുകൾ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ബ്രൗൺ തോമസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും തുക ചെലവഴിച്ചതായി ഇടപാട് രേഖകളിൽ കണ്ടെത്തിയതായാണ് വിവരം.
ഇതോടെ പണം മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുക മാത്രമല്ല, യുവതിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നേരിട്ടുള്ള വാങ്ങലുകളും മറ്റ് ഇടപാടുകളും നടത്തിയിട്ടുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഒടിപി നൽകിയതിന് പിന്നാലെ സംശയം
സംഭവവുമായി ബന്ധപ്പെട്ട് യുവതി നേരത്തെ ലഭിച്ച ഒരു സന്ദേശത്തെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചതായാണ് വിവരം. ഒരിക്കൽ എ ഐ ബി അക്കൗണ്ട് പ്രവർത്തനരഹിതമായപ്പോൾ ബാങ്കിൽ നിന്നുള്ളതെന്ന് തോന്നിക്കുന്ന സന്ദേശം ലഭിച്ചു. അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനായി ഒടിപി ആവശ്യപ്പെട്ടതിനെ തുടർന്ന് അത് നൽകിയതായും യുവതി പറയുന്നു.
ഒടിപി നൽകിയതിന് പിന്നാലെ അക്കൗണ്ട് സാധാരണ രീതിയിൽ പ്രവർത്തിച്ചതിനാൽ അന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടായില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഈ ഒടിപി ഉപയോഗിച്ചാണോ തട്ടിപ്പുകാർ അക്കൗണ്ടിലേക്ക് പ്രവേശനം നേടിയതെന്നും പിന്നീട് നിയന്ത്രണം കൈക്കലാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി, പാസ്വേഡ്, പിൻ നമ്പർ തുടങ്ങിയ സുരക്ഷാ വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കിയ ശേഷം അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന സംഭവങ്ങൾ അയർലൻഡിൽ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്കൗണ്ടിലേക്ക് പ്രവേശനം ലഭിച്ചാൽ പണം കൈമാറ്റത്തിനായി പുതിയ അക്കൗണ്ടുകൾ ചേർക്കുകയും പിന്നീട് പല ഘട്ടങ്ങളിലായി തുക മാറ്റുകയും ചെയ്യുന്ന രീതിയും അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
യുവതിയുടെ പേരിൽ 7,000 യൂറോ വായ്പ
സംഭവത്തിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം യുവതിയുടെ പേരിൽ 7,000 യൂറോയുടെ വായ്പ അനുവദിക്കപ്പെട്ടതാണെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പുകാരൻ യുവതിയുടെ അക്കൗണ്ട് ഉപയോഗിച്ച് വായ്പയ്ക്കായി അപേക്ഷിക്കുകയും തുടർന്ന് എ ഐ ബി 7,000 യൂറോ വായ്പ അനുവദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അക്കൗണ്ടിൽ അനധികൃതമായി പ്രവേശനം നേടിയതായി സംശയിക്കുന്ന സാഹചര്യത്തിൽ വായ്പാ അപേക്ഷ എങ്ങനെ അംഗീകരിക്കപ്പെട്ടു എന്നതും അന്വേഷണത്തിന്റെ ഭാഗമാകും. ഉപഭോക്താവിന്റെ അക്കൗണ്ടിൽ അസാധാരണമായ ഇടപാടുകൾ തുടർച്ചയായി നടന്നിട്ടും സുരക്ഷാ സംവിധാനങ്ങൾ അത് നേരത്തെ തിരിച്ചറിഞ്ഞില്ലേയെന്ന ചോദ്യവും ഇതോടെ ഉയർന്നിട്ടുണ്ട്.
പണം സ്വീകരിക്കുന്നതിനായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഇടനിലയായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗാർഡ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകളിലേക്ക് പണം എത്തിച്ച ശേഷം വീണ്ടും മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്ന രീതിയും സാമ്പത്തിക തട്ടിപ്പുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്.
ഡോക്ടറുടെ അക്കൗണ്ടിലും സമാന തട്ടിപ്പ്
അയർലൻഡിൽ സമാനമായ ബാങ്കിങ് തട്ടിപ്പുകൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025ൽ ഡബ്ലിൻ കോടതിയിലെത്തിയ ഒരു കേസിൽ റവലൂട്ടിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഒരു ഡോക്ടറെ ബന്ധപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ റവലൂട്ട് അക്കൗണ്ടിലേക്ക് പ്രവേശനം നേടിയ ശേഷം 11,000 യൂറോ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കോടതി രേഖകളിൽ വ്യക്തമാക്കിയിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ വിളിക്കുകയും പണം ആദ്യം മറ്റൊരു ധനകാര്യ അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും പിന്നീട് അത് തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിക്കെതിരെയും അയർലൻഡിലെ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഴ്ചകൾക്ക് ശേഷം തട്ടിപ്പ് കണ്ടെത്തി
ബ്ലാക്ക്റോക്കിലെ മലയാളി നഴ്സ് തട്ടിപ്പ് തിരിച്ചറിഞ്ഞത് സംഭവങ്ങൾ ആരംഭിച്ച് ആഴ്ചകൾക്ക് ശേഷമാണ്. സ്വന്തം ആവശ്യത്തിനായി എ ഐ ബി അക്കൗണ്ടിൽ നിന്ന് റവലൂട്ടിലേക്ക് പണം മാറ്റാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ ഏകദേശം 60 യൂറോ മൈനസ് ബാലൻസ് കാണപ്പെട്ടത്.
തുടർന്ന് ഇടപാട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് കഴിഞ്ഞ ഒരു മാസത്തോളമായി തന്റെ സമ്പാദ്യത്തിൽ നിന്ന് വിവിധ തുകകൾ തുടർച്ചയായി പുറത്തേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. ഉടൻ എ ഐ ബിയെയും ഗാർഡയെയും സമീപിച്ചെങ്കിലും ഒറ്റ ദിവസം നടന്ന തട്ടിപ്പായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.
പല ദിവസങ്ങളിലായി വിവിധ സമയങ്ങളിൽ നടന്ന നിരവധി ഇടപാടുകളുടെ ശൃംഖലയായതിനാൽ പണം ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പോയി, ഏത് ഇടപാടുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ടത് എന്നിവ കണ്ടെത്തുന്നത് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സങ്കീർണമാവുകയും ചെയ്തു.
കൗൺസിലറുടെ ഇടപെടലിൽ അന്വേഷണം വേഗത്തിലായി
ബ്ലാക്ക്റോക്ക് ഗാർഡ സ്റ്റേഷനിൽ പരാതി നൽകിയ യുവതിയോട് കേസ് ആദ്യം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥൻ അവധിയിലായതിനാൽ അദ്ദേഹം തിരിച്ചെത്തിയ ശേഷം വീണ്ടും എത്താൻ നിർദേശം നൽകിയതായാണ് വിവരം. വലിയൊരു തുക നഷ്ടപ്പെട്ടെന്ന ആശങ്കയിൽ യുവതി പിന്നീട് മലയാളിയായ പ്രാദേശിക കൗൺസിലർ തോമസ് ജോസഫിന്റെ സഹായം തേടി.
തോമസ് ജോസഫിന്റെ ഇടപെടലിനെ തുടർന്ന് വിഷയം ഗാർഡ സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുകയും അന്വേഷണം കൂടുതൽ വേഗത്തിലാക്കുകയും ചെയ്തതായി ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പുകളും കംപ്യൂട്ടർ, ഇന്റർനെറ്റ് അധിഷ്ഠിത കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിന്റെ സഹായവും തേടി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തെ ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു. എ ഐ ബിയും അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ പുനഃപരിശോധിച്ചു. യുവതിയുടെ അനുമതിയില്ലാതെ നടന്നതായി അറിയിച്ച ഇടപാടുകൾ പരിശോധിച്ചതിന് പിന്നാലെ നഷ്ടപ്പെട്ടതായി കണക്കാക്കിയ തുക ബാങ്ക് യുവതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചുനൽകിയതായാണ് ലഭ്യമായ വിവരം.
സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ
തുക തിരിച്ചുകിട്ടിയതോടെ സാമ്പത്തിക നഷ്ടത്തിന്റെ കാര്യത്തിൽ യുവതിക്ക് ആശ്വാസമായെങ്കിലും, ഏകദേശം ഒരു മാസത്തോളം ഇത്രയധികം അസാധാരണ ഇടപാടുകൾ എങ്ങനെ ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോയെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു.
അക്കൗണ്ടിന്റെ നിയന്ത്രണം കൃത്യമായി എപ്പോഴാണ് തട്ടിപ്പുകാരുടെ കൈയിലെത്തിയത്, തുടർച്ചയായി വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ അവർക്ക് എങ്ങനെ സാധിച്ചു, അക്കൗണ്ടിൽ നിരവധി അസാധാരണ ഇടപാടുകൾ നടന്നിട്ടും ഉപഭോക്താവിന് മുന്നറിയിപ്പ് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കേണ്ടത്.
അതേസമയം, ഒടിപി, പാസ്വേഡ്, പിൻ നമ്പർ, സുരക്ഷാ സ്ഥിരീകരണ വിവരങ്ങൾ എന്നിവ മറ്റാരുമായും പങ്കിടരുതെന്ന് ബാങ്കുകളും ഗാർഡയും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അക്കൗണ്ടിൽ പരിചയമില്ലാത്ത ചെറിയൊരു ഇടപാട് പോലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിക്കുന്നു. ചെറിയ തുകകളായി നടക്കുന്ന ഇടപാടുകളെയും അവഗണിക്കാതെ അക്കൗണ്ട് വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്നത് ഇത്തരം തട്ടിപ്പുകൾ നേരത്തെ കണ്ടെത്താൻ സഹായിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
