കുവൈത്ത് ഗാർഹിക മേഖലയിൽ വൻ പരിഷ്‌കാരം; 27 രാജ്യങ്ങൾക്ക് സമ്പൂർണ വിലക്ക്

2 Min Read

കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് രംഗത്ത് വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്.

തൊഴിലാളി നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടപടികൾ കൃത്യമായി ക്രമപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക വിപുലീകരിക്കുകയും അതേസമയം വലിയൊരു വിഭാഗം രാജ്യങ്ങൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ-പുരുഷ ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലേക്ക് വരുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബെനിൻ, എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

എന്നാൽ സെനഗലിൽ നിന്ന് പുരുഷ ഗാർഹിക തൊഴിലാളികളെ മാത്രമാണ് നിലവിൽ റിക്രൂട്ട് ചെയ്യാൻ അനുവാദമുള്ളത്.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾ വേഗത്തിലാക്കാനും സുതാര്യത ഉറപ്പുവരുത്താനും ഗവർണറേറ്റ് തലത്തിലുള്ള പ്രത്യേക സർക്കുലർ സർവീസ് സെന്ററുകൾ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്.

പുതിയ സംവിധാനം വരുന്നതോടെ തൊഴിലുടമകൾക്കും റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും നിയമനടപടികൾ വളരെ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

വിവിധ മന്ത്രാലയങ്ങളുടെയും പൊതു അതോറിറ്റികളുടെയും ശുപാർശകൾ പരിഗണിച്ചുകൊണ്ട് 27 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് കുവൈത്ത് പൂർണമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവ സംയുക്തമായി നടത്തിയ വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള വനിതാ തൊഴിലാളികൾക്ക് മാത്രമാണ് ഇപ്പോൾ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.

കുവൈത്തിൽ സ്വന്തമായി എംബസികളില്ലാത്ത രാജ്യങ്ങളെയും നയതന്ത്രപരമായും ഭരണപരമായും മറ്റ് പ്രശ്നങ്ങളുള്ള രാജ്യങ്ങളെയും പരിഗണിച്ചാണ് ഈ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

പുതുക്കിയ നിർദേശങ്ങൾ രാജ്യത്തെ എല്ലാ റെസിഡൻസി അഫയേഴ്സ് വിഭാഗങ്ങൾക്കും സേവന കേന്ദ്രങ്ങൾക്കും കൈമാറിക്കഴിഞ്ഞു.

English summery

Kuwait’s Ministry of Interior has introduced new regulations for domestic worker recruitment to streamline the process. While workers from 10 countries, including India, are permitted, 27 nations face a complete ban due to diplomatic and administrative reasons. Applications will now be processed through specialized governorate service centers for better transparency.

Share This Article