നിങ്ങൾ സംസാരിക്കുന്നത് മനുഷ്യനോടല്ല! ഇന്റർനെറ്റ് ട്രാഫിക്കിൽ മനുഷ്യൻ വെറും 42.5%; ബാക്കി മുഴുവൻ ഇവരാണ്!

2 Min Read

തിരുവല്ല: ഇന്റർനെറ്റ് ലോകത്ത് മനുഷ്യരെക്കാൾ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത് ഇനി ബോട്ടുകളാണെന്ന് പ്രമുഖ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ, സൈബർ സുരക്ഷാ കമ്പനിയായ ക്ലൗഡ്ഫ്ലെയർ വ്യക്തമാക്കി. 2027-ഓടെ മാത്രമേ ബോട്ടുകൾ മനുഷ്യർ സൃഷ്ടിക്കുന്ന ഇന്റർനെറ്റ് ട്രാഫിക്കിനെ മറികടക്കൂ എന്നായിരുന്നു സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഈ മാറ്റം പ്രതീക്ഷിച്ചതിലും നേരത്തെ സംഭവിച്ചെന്നാണ് ക്ലൗഡ്ഫ്ലെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാത്യു പ്രിൻസ് വ്യക്തമാക്കുന്നത്.

എക്‌സിൽ (മുൻ ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ, ‘ഏജൻസി ട്രാഫിക്’ അതിവേഗം വളരുകയാണെന്നും ഓൺലൈൻ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ലൗഡ്ഫ്ലെയറിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്റർനെറ്റിലെ എച്ച്ടിടിപി (HTTP) ട്രാഫിക്കിന്റെ 57.5 ശതമാനവും ഇപ്പോൾ ബോട്ടുകളാണ് സൃഷ്ടിക്കുന്നത്. മനുഷ്യരുടെ പങ്ക് 42.5 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ഡാറ്റയുടെ സങ്കീർണത കാരണം ബോട്ടുകൾ മനുഷ്യരെ മറികടന്ന കൃത്യസമയം നിർണയിക്കാൻ പ്രയാസമാണെന്നും മാത്യു പ്രിൻസ് ചൂണ്ടിക്കാട്ടി.

മനുഷ്യരുടെ ഇടപെടലില്ലാതെ മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളുടെയും അൽഗോരിതങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഇന്റർനെറ്റ് ബോട്ടുകൾ. ആവർത്തിച്ച് ചെയ്യേണ്ട ജോലികൾ വളരെ വേഗത്തിലും കാര്യക്ഷമമായും നിർവഹിക്കാൻ ഇവയ്ക്ക് കഴിയും.

ഗൂഗിൾബോട്ട്, ബിംഗ്ബോട്ട് തുടങ്ങിയ സെർച്ച് എൻജിൻ ബോട്ടുകൾ വെബ്‌സൈറ്റുകൾ സ്കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയും തിരച്ചിൽ ഫലങ്ങൾ കൂടുതൽ കൃത്യമാക്കുകയും ചെയ്യുന്നു. ബാങ്കിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ചാറ്റ്ബോട്ടുകൾ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് തൽക്ഷണം മറുപടി നൽകുന്നു. വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മോണിറ്ററിംഗ് ബോട്ടുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

അതേസമയം, ദോഷകരമായ ബോട്ടുകളും ഇന്റർനെറ്റിൽ വലിയ വെല്ലുവിളിയായി തുടരുന്നു. സ്പാം സന്ദേശങ്ങളും അനാവശ്യ ലിങ്കുകളും പ്രചരിപ്പിക്കുന്ന സ്പാം ബോട്ടുകൾ, പാസ്‌വേഡുകൾ കണ്ടെത്തി അക്കൗണ്ടുകൾ കൈക്കലാക്കാൻ ശ്രമിക്കുന്ന ഹാക്കിംഗ് ബോട്ടുകൾ, വെബ്‌സൈറ്റുകളിൽ നിന്ന് അനുമതിയില്ലാതെ വിവരങ്ങൾ ശേഖരിക്കുന്ന ഡാറ്റ സ്ക്രാപ്പർ ബോട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

English Summary

Cloudflare reports that bots now generate 57.5% of internet HTTP traffic, surpassing human-generated traffic earlier than expected. While useful bots power search engines, chat support, and website monitoring, malicious bots continue to pose cybersecurity threats through spam, hacking attempts, and unauthorized data scraping.

Share This Article