പറവൂർ: ദേശീയപാത 66ൽ തകരാറിലായ കെഎസ്ആർടിസി ബസ് ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി.
ഡിപ്പോയിൽ വിവരം അറിയിച്ചിട്ടും മെക്കാനിക് എത്താതായതോടെ ഒടുവിൽ വഴിയാത്രക്കാരാണ് അറ്റകുറ്റപ്പണിക്ക് മുന്നിട്ടിറങ്ങിയത്. ഇവരുടെ ഇടപെടലിൽ താൽക്കാലികമായി തകരാർ പരിഹരിച്ച് ബസ് റോഡിൽനിന്ന് മാറ്റി.
കെഎസ്ആർടിസി ബസിന്റെ എയർ പൈപ്പ് പൊട്ടി
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പോയ കെഎസ്ആർടിസി ബസ് പറവൂർ–മൂത്തകുന്നം റൂട്ടിലെ തുരുത്തിപ്പുറത്ത് എത്തിയപ്പോഴാണ് എയർ പൈപ്പ് പൊട്ടിയത്.
തുടർന്ന് വിവരം ഡിപ്പോയിൽ അറിയിച്ചെങ്കിലും മെക്കാനിക് സ്ഥലത്തെത്താൻ വൈകി. ഏകദേശം ഒരു മണിക്കൂറോളം ബസ് റോഡിൽ കിടന്നതോടെ ദേശീയപാതയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
മെക്കാനിക് എത്തിയില്ല; വഴിയാത്രക്കാർ ഇടപെട്ടു
യാത്രക്കാരിൽ ചിലരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റി വിട്ടു. ഇതിനിടെ ഇതുവഴി എത്തിയ കർണാടക രജിസ്ട്രേഷനുള്ള വാഹനത്തിന്റെ ഡ്രൈവറും മറ്റൊരു വഴിയാത്രികനും ബസ് നന്നാക്കാൻ മുന്നോട്ടുവന്നു.
ഇരുവരും ചേർന്ന് അറ്റകുറ്റപ്പണി നടത്തിയതോടെ താൽക്കാലികമായി തകരാർ പരിഹരിക്കാനായി. തുടർന്ന് ബസ് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളി അങ്കണത്തിലേക്ക് മാറ്റി.
എയർ പൈപ്പ് എത്തിക്കാൻ വൈകിയെന്ന് കെഎസ്ആർടിസി
അതേസമയം, എയർ പൈപ്പ് പുറത്തുനിന്ന് വാങ്ങി എത്തിക്കേണ്ടിവന്നതാണ് മെക്കാനിക് എത്താൻ വൈകാൻ കാരണമെന്ന് കെഎസ്ആർടിസി അധികൃതർ വിശദീകരിച്ചു.
ഇത്തരം സാധനങ്ങൾ ഏതെങ്കിലും കടയിൽനിന്ന് വാങ്ങാൻ കെഎസ്ആർടിസിക്ക് കഴിയില്ലെന്നും ചെറായിയിലെ ഒരു പ്രത്യേക കടയിൽനിന്നാണ് എയർ പൈപ്പ് വാങ്ങുന്നതെന്നും അധികൃതർ വ്യക്തമാക്കി.
എയർ പൈപ്പ് എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് മെക്കാനിക് എത്തുന്നതിനും വൈകാൻ കാരണമായതെന്നാണ് വിശദീകരണം. പിന്നീട് ബസിന്റെ തകരാർ പൂർണമായി പരിഹരിച്ച് ഡിപ്പോയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
English Summary
An Ernakulam-Guruvayur KSRTC bus broke down on NH 66 near Thuruthippuram in Paravur after its air pipe burst. As the mechanic from the nearby depot failed to arrive promptly, a Karnataka-registered vehicle driver and another passerby helped carry out temporary repairs. The bus was later fully repaired and moved to the depot.
