ആലപ്പുഴ: കരുവാറ്റയിലെ 65കാരന്റെ കൊലപാതകക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതികളെ സംഭവസ്ഥലത്തും മറ്റ് പൊതുഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് ഇനി തടസ്സമില്ല. കുട്ടികളെ പൊതുസ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
പൊതുസ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. അതേസമയം, കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കിയ ശേഷമായിരിക്കണം അന്വേഷണ നടപടികൾ നടത്തേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാധ്യമ ഇടപെടൽ ഒഴിവാക്കണമെന്ന് കോടതി
മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടൽ ഒഴിവാക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ മാർഗനിർദേശങ്ങൾ മതിയായതാണെന്നും ഹൈക്കോടതി വിലയിരുത്തി.
പ്രായപൂർത്തിയാകാത്ത പ്രതികളുടെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ടായിരിക്കണം അന്വേഷണ നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും കോടതി നിർദേശിച്ചു.
ആഗസ്റ്റ് 17നാണ് 65കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ആഗസ്റ്റ് 17നാണ് ആലപ്പുഴ കരുവാറ്റയിൽ 65കാരനെ വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം, പണം, പെർഫ്യൂം ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
മൂന്ന് ആൺകുട്ടികൾ സംരക്ഷണ കേന്ദ്രത്തിൽ
കേസിൽ അറസ്റ്റിലായ മൂന്ന് ആൺകുട്ടികൾ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. പെൺകുട്ടിയെ കോഴിക്കോട് സാമൂഹിക ക്ഷേമ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
കുട്ടികൾ പ്രതികളായ കേസായതിനാൽ സാധാരണ ക്രിമിനൽ നടപടികളിൽനിന്ന് വ്യത്യസ്തമായ നിയമപരമായ സംരക്ഷണങ്ങളോടെയാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.
English Summary
The Kerala High Court has upheld an order permitting investigators to take the minor accused in the Karuvatta murder case to the crime scene and other public places for evidence collection. The court dismissed their appeal but stressed that the children’s rights, safety, identity and privacy must be protected throughout the proceedings.
