facebook

യു.കെ.യിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശുപത്രി പ്രവേശനം 79% ഉയർന്നു; XFG വകഭേദം വ്യാപനത്തിന് പിന്നിൽ….

3 Min Read
Photo: pexels.com/@cdc-library/

യു.കെ.യിൽ കോവിഡ് കേസുകൾ ഉയരുന്നു

ലണ്ടൻ: യു.കെ.യിൽ കോവിഡ്-19 കേസുകളിൽ വീണ്ടും വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. XFG അഥവാ ‘സ്ട്രാറ്റസ്’ എന്നറിയപ്പെടുന്ന കോവിഡ് വകഭേദത്തിന്റെ വ്യാപനമാണ് നിലവിലെ വർധനയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രോഗബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

ഇംഗ്ലണ്ടിൽ അടുത്തിടെ പരിശോധിച്ച കോവിഡ് സാമ്പിളുകളിൽ പകുതിയിലധികവും XFG വകഭേദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള കോവിഡ് അണുബാധാ നിരക്ക് ഇപ്പോഴും താരതമ്യേന താഴ്ന്ന നിലയിലാണെന്നും നിലവിലെ സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് കാരണമില്ലെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

ആശുപത്രി പ്രവേശന നിരക്ക് ഉയർന്നു

യു.കെ. ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആശുപത്രികളിലെ കോവിഡ്-19 പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർന്നിട്ടുണ്ട്. വിവിധ മേഖലകളിൽ രോഗവ്യാപനത്തിന്റെ തോതിൽ വ്യത്യാസമുണ്ടെങ്കിലും ലണ്ടനിലാണ് ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

ലണ്ടനിൽ കോവിഡ് ബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 79 ശതമാനം വരെ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. 85 വയസ്സിന് മുകളിലുള്ളവരിലും ആശുപത്രി പ്രവേശന നിരക്ക് ഉയർന്നിട്ടുണ്ട്. പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലും കോവിഡ് ബാധ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട സാഹചര്യമാണിതെന്നാണ് വിലയിരുത്തൽ.

എന്നാൽ കേസുകളിൽ വർധനയുണ്ടാകുന്നത് മാത്രമായി രോഗത്തിന്റെ തീവ്രത ഉയർന്നുവെന്ന് കരുതാനാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. യു.കെ. ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ കൺസൾട്ടന്റ് എപിഡെമിയോളജിസ്റ്റ് അലക്സ് അലൻ പറയുന്നതനുസരിച്ച് രോഗവ്യാപനം വർധിച്ചിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള അണുബാധാ നിരക്ക് ഇപ്പോഴും കുറവാണ്. അതിനാൽ നിലവിലെ സാഹചര്യത്തിൽ അമിതമായ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിൽ ആദ്യം കണ്ടെത്തിയ XFG

XFG വകഭേദം ആദ്യമായി കണ്ടെത്തിയത് കാനഡയിലാണ്. LF.7, LP.8.1.2 എന്നീ കോവിഡ് വകഭേദങ്ങളിൽ നിന്നാണ് XFG രൂപപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ ശേഷിയുള്ള വകഭേദമായാണ് XFGയെ വിലയിരുത്തുന്നത്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ മറികടക്കാനുള്ള കഴിവും ഈ വകഭേദത്തിനുണ്ടാകാമെന്ന് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ XFG മൂലമുണ്ടാകുന്ന രോഗത്തിന്റെ തീവ്രതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി നിരീക്ഷണം തുടരുകയാണ്.

പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നത് കോവിഡ് പൂർണമായും ഇല്ലാതായിട്ടില്ലെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. മഹാമാരിയുടെ തീവ്രമായ ഘട്ടം പിന്നിട്ടെങ്കിലും വൈറസ് വിവിധ വകഭേദങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും സജീവമാണ്. ഇടയ്ക്കിടെ രോഗവ്യാപനത്തിൽ വർധനയുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ജലദോഷപ്പനി പോലെയുള്ള ലക്ഷണങ്ങൾ

നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കോവിഡ് കേസുകളിലും ലക്ഷണങ്ങൾ താരതമ്യേന ലഘുവായാണ് കാണപ്പെടുന്നതെന്നാണ് ആരോഗ്യരംഗത്തെ റിപ്പോർട്ടുകൾ. സാധാരണ ജലദോഷപ്പനിയോട് സാമ്യമുള്ള ലക്ഷണങ്ങളാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം തുടങ്ങിയവ സാധാരണ ലക്ഷണങ്ങളാണ്.

ചിലരിൽ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രായം, പ്രതിരോധശേഷി എന്നിവ അനുസരിച്ച് രോഗലക്ഷണങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകാം. പല ലഘു കേസുകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ തീവ്രമാകുകയോ ചെയ്താൽ വൈദ്യസഹായം തേടേണ്ടതാണ്.

രോഗപ്രതിരോധത്തിൽ ശ്രദ്ധ വേണം

മഴക്കാലത്ത് സാധാരണ ജലദോഷപ്പനി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളും വ്യാപകമാകാറുണ്ട്. ഇവയ്ക്കും കോവിഡ് ബാധയ്ക്കും സമാനമായ ലക്ഷണങ്ങൾ ഉണ്ടാകുന്നതിനാൽ ലക്ഷണങ്ങൾ മാത്രം നോക്കി രോഗനിർണയം നടത്തുന്നത് ശരിയല്ല. സ്വയംചികിത്സയ്ക്ക് പകരം ആവശ്യമായ സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശം തേടുന്നതാണ് സുരക്ഷിതം.

തിരക്കേറിയ ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് തുടങ്ങിയ അടിസ്ഥാന ശുചിത്വശീലങ്ങൾ തുടരുന്നത് രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുന്നതും രോഗബാധ കൂടുതലുള്ള ഇടങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതും പ്രധാനമാണ്.

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. ശ്വാസതടസം, തുടർച്ചയായ പനി, അമിതമായ ക്ഷീണം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വൈകാതെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

Share This Article