facebook

പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യത്ത് ഇന്ധന-വള വിതരണം സുഗമമാക്കാൻ കേന്ദ്രസർക്കാർ സജ്ജം; എൽ.പി.ജി ഉത്പാദനം പ്രതിദിനം 50 ആയിരം ടണ്ണായി ഉയർത്തി

3 Min Read

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന അശാന്തമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കാർഷിക വളങ്ങളുടെയും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ്.

ഡൽഹിയിൽ വെച്ച് നടന്ന പ്രത്യേക അന്തർ-മന്ത്രാലയ വാർത്താസമ്മേളനത്തിലാണ് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ രാജ്യത്തെ ഇപ്പോഴത്തെ സുരക്ഷിതമായ സ്ഥിതിഗതികൾ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യയുടെ വിപണിയെ ബാധിക്കാതിരിക്കാൻ മുൻകൂട്ടിയുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ റിഫൈനറികളിലെ എൽ.പി.ജി ഉത്പാദനം നിലവിൽ പ്രതിദിനം 50 ആയിരം ടണ്ണായി ഉയർത്തിയതായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. ആഭ്യന്തര വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഈ നടപടി.

കഴിഞ്ഞ മാർച്ചിന് ശേഷം മാത്രം എട്ട് ലക്ഷത്തിലധികം പുതിയ പി.എൻ.ജി കണക്ഷനുകളിൽ ഗ്യാസ് വിതരണം വിജയകരമായി ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ട് ലക്ഷത്തി എൺപത്തേഴായിരം പുതിയ കണക്ഷനുകൾ നൽകുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രാജ്യമുടനീളം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം രാജ്യത്തുടനീളം ഒരുകോടി എഴുപത്തിരണ്ട് ലക്ഷം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളാണ് വിതരണം ചെയ്തത്. വിതരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള സിലിണ്ടർ വിതരണം 95 ശതമാനത്തിന് മുകളിലായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ഈ മാസം ഇതുവരെ ഒരു ലക്ഷം 56 ആയിരം ടൺ കൊമേഴ്സ്യൽ എൽ.പി.ജി വിറ്റഴിച്ചതായും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഇന്ധന ലഭ്യതയിൽ യാതൊരുവിധ കുറവുമില്ലാത്തതിനാൽ പൊതുജനങ്ങൾ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്നും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നും ജോയിന്റ് സെക്രട്ടറി അഭ്യർത്ഥിച്ചു. ഒപ്പം തന്നെ പരമാവധി ബദൽ ഇന്ധന സ്രോതസ്സുകൾ ഉപയോഗപ്പെടുത്താൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധി കണക്കിലെടുത്ത് അവിടുത്തെ ഇന്ത്യൻ പ്രവാസികളുടെയും വലിയൊരു വിഭാഗം വരുന്ന കപ്പൽ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

ഇതിനായി ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും അവിടുത്തെ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സുപ്രധാന കരാറുകൾ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ കരുത്താണ് പകരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കാർഷിക വളങ്ങളുടെ സംഭരണം പൂർണ്ണ തൃപ്തികരമായ അവസ്ഥയിലാണെന്ന് രാസവള വകുപ്പ് അഡീഷണൽ സെക്രട്ടറി അപർണ്ണ ശർമ്മ വ്യക്തമാക്കി. ഇന്ത്യയുടെ വാർഷിക ആവശ്യകതയായ 390 ലക്ഷം മെട്രിക് ടണ്ണിൽ, 200 ലക്ഷം മെട്രിക് ടണ്ണിലധികം വളം നിലവിൽ തന്നെ രാജ്യത്ത് സ്റ്റോക്കുണ്ട്. ഇത് ആകെ ആവശ്യത്തിന്റെ 51 ശതമാനത്തിലധികമാണ്. സാധാരണയായി ഈ സമയങ്ങളിൽ ഇത് 33 ശതമാനം മാത്രമാണ് ഉണ്ടാകാറുള്ളത്.

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തതുടർന്ന് ആഭ്യന്തര വളം ഉത്പാദനം രാജ്യം വലിയ രീതിയിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. 95 ലക്ഷം മെട്രിക് ടൺ വളം രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ചതിനൊപ്പം 22 ലക്ഷം മെട്രിക് ടൺ വളം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്തു.

വരാനിരിക്കുന്ന പ്രധാന ഖാരിഫ് സീസണിലെ സുഗമമായ വിതരണത്തിനായി 13 ലക്ഷം 50 ആയിരം മെട്രിക് ടൺ ഡി.എ.പി, 9 ലക്ഷം മെട്രിക് ടൺ എൻ.പി.കെ കോംപ്ലക്സുകൾ എന്നിവ രാജ്യം ഇതിനകം തന്നെ സുരക്ഷിതമായി ഉറപ്പാക്കിയിട്ടുണ്ട്. വളങ്ങളുടെയും അതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ലഭ്യത മന്ത്രാലയം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും കർഷകർ ഒട്ടും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Share This Article