കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ഇല്ലാത്ത സോഫ്റ്റ്‌വെയർ സേവനങ്ങളുടെ പേരിൽ സി.എം.ആർ.എൽ കമ്പനി പണം നൽകിയെന്ന കണ്ടെത്തലാണ് ‘മാസപ്പടി’ കേസിന് അടിസ്ഥാനമായത്.
ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ ഉൾപ്പെട്ടിരുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥർ നൽകിയ മൊഴികളിൽ പണമിടപാടിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന സൂചനകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2023-ൽ ഈ വിവരങ്ങൾ പുറത്തുവന്നതോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഗൗരവ തട്ടിപ്പ് അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചത്. 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.
സോഫ്റ്റ്‌വെയർ വികസനത്തിന്റെ പേരിൽ സി.എം.ആർ.എൽ കമ്പനി എക്സാലോജിക്കിന് 1.72 കോടി രൂപ കൈമാറിയെന്നാണ് സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.
ഇതിനുപുറമെ, ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ വഴി എക്സാലോജിക്കിന് ഒരു കോടിയിലധികം രൂപ വായ്പയായി നൽകിയതായും ഗൗരവ തട്ടിപ്പ് അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഈ കേസിൽ ഗൗരവ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ.ഒ കൊച്ചിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഇതിനായി സമൻസ് അയച്ചതോടെയാണ് കേസ് കൂടുതൽ ശ്രദ്ധേയമായത്.
ഇഡിയുടെ അന്വേഷണം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സി.എം.ആർ.എൽ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ താത്കാലികമായി തടസപ്പെട്ടിരുന്നു. എന്നാൽ കമ്പനിയുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി അന്വേഷണം വീണ്ടും ശക്തമാക്കി.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ബന്ധമില്ലെന്നാണ് പിണറായി വിജയൻ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ബാങ്ക് വഴിയുള്ള നിയമാനുസൃത ഇടപാടുകളാണ് നടന്നതെന്ന നിലപാടാണ് വീണ വിജയനും സ്വീകരിച്ചിരിക്കുന്നത്.
English Summary: The “monthly payment” case involving Exalogic Solutions and CMRL is based on findings that payments were allegedly made for non-existent software services. ED and SFIO are investigating financial transactions worth crores linked to Veena Vijayan’s company.

