ആദ്യ ആഴ്ചയിൽ തന്നെ 44 സെന്റിമീറ്റർ വരെ മഴ; കാലവർഷം വൈകിയെത്തിയാലും കനക്കുമെന്ന് മുന്നറിയിപ്പ്

1 Min Read

തിരുവനന്തപുരം: മേയ് അവസാന ആഴ്ച കേരളത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ച കൂടി വൈകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ജൂൺ രണ്ടോടെയാകും കാലവർഷം സംസ്ഥാനത്ത് എത്തുകയെന്നാണ് വിലയിരുത്തൽ.

അതുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വേനൽമഴ തുടരാനാണ് സാധ്യത. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

അറബിക്കടൽ മേഖലയിൽ രൂപപ്പെട്ട അപ്രതീക്ഷിത കാലാവസ്ഥാ പ്രതിഭാസമാണ് കാലവർഷത്തിന്റെ മുന്നേറ്റം ദുർബലമാക്കിയതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ലക്ഷദ്വീപ് ഭാഗത്തുണ്ടായ ചക്രവാതച്ചുഴി കാരണം മൺസൂൺ മഴയുമായി എത്തുന്ന പടിഞ്ഞാറൻ കാറ്റിന് കേരള തീരത്തേക്ക് കടക്കുന്നതിൽ തടസം നേരിട്ടു.

മേയ് 29ഓടെ നിലവിലെ സാഹചര്യം മാറുമെന്നാണ് വിലയിരുത്തൽ. ചക്രവാതച്ചുഴി ദുർബലമാകുന്നതോടെ ജൂൺ ഒന്നിന് ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ സമീപം പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.

ഈ ന്യൂനമർദം ശക്തമായ മൺസൂൺ ഡിപ്രഷനായി മാറിയാൽ അതിന്റെ സ്വാധീനത്തിൽ കാലവർഷക്കാറ്റ് കേരളത്തിലേക്ക് ശക്തമായി കടന്നുകയറും. ജൂൺ 2 മുതൽ 6 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ആദ്യ ആഴ്ചയിൽ തന്നെ 35 മുതൽ 44 സെന്റിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് വിലയിരുത്തൽ. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ-മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

English Summary: The India Meteorological Department said the southwest monsoon is likely to reach Kerala around June 2, delayed by nearly a week due to atmospheric disturbances over the Arabian Sea. Heavy rainfall is expected across the state during the first week of monsoon.

Share This Article