തിരുവനന്തപുരം: കള്ളപ്പണ ഇടപാടുകളും ഹവാല ഇടപാടുകളും കണ്ടെത്തി അന്വേഷിക്കുന്നതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങളുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സംശയമുള്ളവരെ കാരണം വ്യക്തമാക്കാതെയും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനും അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ മരവിപ്പിക്കാനും ഇഡിക്ക് അധികാരമുണ്ട്.
ഇഡിയുടെ അധികാരങ്ങൾ ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലെ അന്വേഷണം, അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ചോദ്യം ചെയ്ത ഹർജികളിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി.
ഇഡിയുടെ പ്രഥമ വിവര റിപ്പോർട്ടായ ഇ.സി.ഐ.ആർ പ്രതികൾക്ക് നിർബന്ധമായും കൈമാറേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ രഹസ്യാന്വേഷണത്തിന് കൂടുതൽ സാധ്യതയൊരുങ്ങി. ഇതോടെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും രഹസ്യമായി അന്വേഷണം ആരംഭിക്കാൻ ഇഡിക്ക് അധികാരം ലഭിച്ചുവെന്നാണ് വിലയിരുത്തൽ.
അതേസമയം, കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ മാത്രം ഇഡി നടപടി കടുപ്പിക്കുന്നുവെന്നും കേന്ദ്രസർക്കാർ രാഷ്ട്രീയ സമ്മർദ്ദത്തിനായി ഏജൻസിയെ ഉപയോഗിക്കുന്നുവെന്നുമാണ് വിമർശനം.
ഇതിനിടെ, ഇഡി നടപടികൾ രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ അനിവാര്യമാണെന്നും നിയമപരമായ അന്വേഷണങ്ങളാണ് നടക്കുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
English Summary: The Enforcement Directorate has extensive powers to investigate money laundering and hawala transactions, including arrest and asset seizure powers upheld by the Supreme Court. However, opposition parties continue to allege political misuse of the agency by the central government.

