കീഴടങ്ങരുതെന്ന് മുൻകൂട്ടി നിർദേശം; എ.കെ.ജി സെന്ററിലേക്ക് നീങ്ങാൻ പ്ലാൻ, പിന്നീട് പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക്; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത്

2 Min Read
2 Min Read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ പ്രതികളെ സംഭവസ്ഥലത്ത് വച്ച് പിടികൂടാനുള്ള പൊലീസ് നീക്കം പാളിയതായി റിപ്പോർട്ട്.

പ്രവർത്തകർക്ക് പൊലീസിന് കീഴടങ്ങരുതെന്ന നിർദേശം മുൻകൂട്ടി ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. പൊലീസിലെ ചിലരിൽ നിന്നു പ്രവർത്തകർക്ക് സഹായം ലഭിച്ചോയെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ ആക്രമണത്തിൽ പങ്കെടുത്തവർ എ.കെ.ജി സെന്ററിലേക്ക് നീങ്ങാനായിരുന്നു നിർദേശമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ പിന്നീട് പിടിയിലാകാനുള്ള സാധ്യത മുന്നിൽകണ്ട് പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാറാൻ ഫോൺ മുഖേന നിർദേശം ലഭിച്ചുവെന്നാണ് വിവരം.

ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച് തകർത്തതിന് ശേഷവും പ്രതിഷേധസംഘം സ്ഥലത്ത് തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പൊലീസ് എത്തിയതോടെ സംഘം ബേക്കറി ജംഗ്ഷൻ ഭാഗത്തേക്ക് നീങ്ങി.

ഈ സമയത്ത് ഒരാളെ പൊലീസ് പിടികൂടിയെങ്കിലും പിന്നാലെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് വാക്കേറ്റവും സംഘർഷാവസ്ഥയും രൂപപ്പെട്ടു.

തുടർന്ന് ചില പ്രവർത്തകർ പഞ്ചാപുര ജംഗ്ഷനിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതായും പിന്നാലെ പൊലീസ് ഓഫീസ് വളഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ശക്തമായി അപലപിച്ചു. “ഒരു നേതാവോ പാർട്ടിയോ നിയമത്തിന് അതീതരല്ല. ഭീഷണിയിലൂടെയോ ആക്രമണത്തിലൂടെയോ നീതി അട്ടിമറിക്കാനാവില്ല” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, പിണറായി വിജയന്റെ വസതിയിൽ നടത്തിയ ഇഡി പരിശോധന രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് ആരോപിച്ചു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും ഇടതുപാർട്ടികളെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്നും സി.പി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary: Reports suggest police efforts to immediately arrest those involved in the attack on ED vehicles outside Pinarayi Vijayan’s residence failed after protesters allegedly received instructions to evade arrest. The incident has triggered sharp political reactions from both BJP and CPI leaders.

Share This Article