കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 18.36 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും മരവിപ്പിച്ചു. വീണ വിജയന്റെ പേരിലുള്ള ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
സി.എം.ആർ.എൽ കമ്പനിയുടെയും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരിലുള്ള 242 ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളാണ് മരവിപ്പിച്ചത്. ഇഡി നടത്തിയ റെയ്ഡിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എൽ രേഖകളിൽ പരാമർശമുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.
റെയ്ഡിനിടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ, അക്കൗണ്ട് വിവരങ്ങൾ, വ്യാജരേഖകൾ, സാമ്പത്തിക ഇടപാട് രേഖകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത രേഖകളുടെയും ഉപകരണങ്ങളുടെയും വിശദമായ പരിശോധന ആരംഭിച്ചതായും അന്വേഷണ ഏജൻസി അറിയിച്ചു.
സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇഡി നടപടി ശക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകളുടെ ‘മണി ട്രെയിൽ’ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പണം ആരിലേക്കൊക്കെ പോയി, എന്തിനാണ് കൈമാറിയത്, അതിന് യഥാർത്ഥ സേവനമോ ഇടപാടുകളോ ഉണ്ടായിരുന്നോയെന്നതെല്ലാം വിശദമായി പരിശോധിക്കുമെന്നാണ് സൂചന.
പിണറായി വിജയന്റെ വസതിയുൾപ്പെടെ നടന്ന റെയ്ഡ് അന്വേഷണത്തിന്റെ തുടക്കമാത്രമാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകാമെന്നും അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നതായാണ് റിപ്പോർട്ടുകൾ.
സി.എം.ആർ.എൽ വഴി 132 കോടി രൂപയുടെ വ്യാജ ചെലവുകളും 182 കോടിയോളം രൂപയുടെ സാങ്കൽപ്പിക സാമ്പത്തിക ഇടപാടുകളും നടന്നതായി പ്രാഥമികമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. ഈ തുകകൾ ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ എന്ന നിലയിലാണ് പരിശോധിക്കുന്നത്.
ഇല്ലാത്ത സേവനങ്ങളുടെ പേരിൽ എക്സാലോജിക്കിലേക്ക് പണം കൈമാറിയെന്ന കണ്ടെത്തലാണ് കേസിൽ പ്രധാനമായും പരിശോധിക്കുന്നത്. ഇതേ മാതൃകയിൽ മറ്റ് വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും പണം പോയിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
കോടതി അന്വേഷണത്തിന് അനുമതി നൽകിയതിന് പിന്നാലെ 12 കേന്ദ്രങ്ങളിലായി ഇഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. സി.എം.ആർ.എൽ ഒരു പൊതുമേഖല ഓഹരി പങ്കാളിത്തമുള്ള ലിസ്റ്റഡ് കമ്പനിയാണെന്നും, അതിനാൽ സാമ്പത്തിക ഇടപാടുകൾക്ക് കർശന മാനദണ്ഡങ്ങൾ ബാധകമാണെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളിൽ രാഷ്ട്രീയ രംഗത്തും ചർച്ചകൾ ശക്തമാണ്. മുൻപ് വിഷയത്തിൽ ശക്തമായി പ്രതികരിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇപ്പോൾ മൗനം പാലിക്കുന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്.
ഇഡിയുടെ തുടർനടപടികൾ കേരള രാഷ്ട്രീയത്തിൽ കൂടുതൽ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
English Summary: The Enforcement Directorate has frozen assets and deposits worth ₹18.36 crore in connection with the CMRL-Exalogic financial dealings case. The action includes multiple bank accounts and deposits linked to company officials and Veena Vijayan.

