കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സി.എം.ആർ.എൽ രേഖകളിലും ഡയറി കുറിപ്പുകളിലും പരാമർശമുള്ള പ്രമുഖ രാഷ്ട്രീയ-വ്യവസായ വ്യക്തികളിലേക്കും അന്വേഷണം നീളുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഇതിനിടെ 18.36 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഇഡി മരവിപ്പിച്ചു. വീണ വിജയന്റെ പേരിലുള്ള ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
സി.എം.ആർ.എൽ കമ്പനിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരിലുള്ള 242 ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളാണ് മരവിപ്പിച്ചത്. റെയ്ഡിൽ ലഭിച്ച രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.
മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എൽ രേഖകളിൽ പരാമർശമുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണം ശക്തമാക്കുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
പി.വി, കെ.കെ, ഒ.സി, ആർ.സി, സി.എച്ച്.എം തുടങ്ങിയ ചുരുക്കപ്പേരുകളിലുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണ സംഘം വിവരശേഖരണം നടത്തുന്നതായാണ് സൂചന. വിവിധ രാഷ്ട്രീയ മുന്നണികളുമായി ബന്ധമുള്ള പ്രമുഖരിലേക്കും അന്വേഷണം വ്യാപിക്കാമെന്ന വിലയിരുത്തലും ശക്തമാണ്.
റെയ്ഡിനിടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡിജിറ്റൽ രേഖകൾ, അക്കൗണ്ട് വിവരങ്ങൾ, സാമ്പത്തിക ഇടപാട് രേഖകൾ, വ്യാജരേഖകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ വിശദമായ പരിശോധന തുടരുകയാണ്.
സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണോയെന്നതാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.
കേസിൽ ഹൈക്കോടതി ഇഡിക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസി നടപടികൾ വേഗത്തിലാക്കിയത്.
English Summary: The Enforcement Directorate is likely to widen its probe in the CMRL-Exalogic financial dealings case based on diary entries and records allegedly mentioning several influential figures. Assets worth ₹18.36 crore have already been frozen as the investigation intensifies.

