facebook

അക്ഷരകന്ദുകം പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംസ്‌കൃത പഠനത്തിന് ഫുട്ബോൾ മാതൃക

1 Min Read

കൊച്ചി: അക്ഷരകന്ദുകം പദ്ധതിയിലൂടെ കുട്ടികൾക്ക് സംസ്‌കൃതം ലളിതവും ആസ്വാദ്യകരവുമായി പഠിപ്പിച്ച എറണാകുളം സൗത്ത് ചിറ്റൂർ സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ അഭിലാഷ് പി. പ്രസാദിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. മൻ കി ബാത്ത് പരിപാടിയിലാണ് പദ്ധതിയെ പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചത്.

അക്ഷരകന്ദുകം ദേശീയ ശ്രദ്ധയിൽ

അക്ഷരകന്ദുകം പദ്ധതിയിൽ ഫുട്ബോൾ പദങ്ങളുമായി ബന്ധിപ്പിച്ചാണ് സംസ്‌കൃത അക്ഷരങ്ങളും വാക്കുകളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്. ‘കന്ദുകം’ എന്നത് പന്ത് എന്നർഥമാണ്.

പഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനൊപ്പം കുട്ടികളെ കായികരംഗത്തോട് അടുപ്പിക്കുന്ന മികച്ച മാതൃകയാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഫുട്ബോളിലൂടെ സംസ്‌കൃത പഠനത്തിന് പുതിയ മാതൃക

ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്. ഗണഃ (ഗ്രൂപ്പ്), ഥൂത്കാരികാ (വിസിൽ), പാദകന്ദുകഃ (ഫുട്ബോൾ), രക്ഷകഃ (ഗോൾകീപ്പർ), മധ്യപാലകഃ (മിഡ്ഫീൽഡർ), ചഷകഃ (ട്രോഫി), ടീക്കാ (കമന്ററി) ഉൾപ്പെടെ 27 ഫുട്ബോൾ പദങ്ങൾ സംസ്‌കൃതത്തിലാക്കി വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു.

സ്കൂളിന്റെ ശ്രദ്ധേയ പ്രവർത്തനങ്ങൾ

സ്കൂൾ പ്രധാനാധ്യാപകൻ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ സംസ്‌കൃത സ്കോളർഷിപ്പ് നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ.

കൂടാതെ, സംസ്‌കൃതം സമൂഹത്തിലേക്ക്, ഒളിമ്പിക്സ് സംസ്‌കൃത പ്രചാരണം, വിത്തുപേന പദ്ധതി, താളിയോല നിർമ്മാണം, ദേവനാഗരി ഒപ്പുകളിലൂടെ മഹാത്മാഗാന്ധി ചിത്രം, സംസ്‌കൃത തപാൽ സ്റ്റാമ്പ്, സംസ്‌കൃത ഗ്രാമമായ മത്തൂരിലേക്ക് കത്തയയ്ക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

അംഗീകാരം കൂടുതൽ പ്രചോദനമെന്ന് അഭിലാഷ്

പത്ത് വർഷത്തിലേറെയായി സംസ്‌കൃതത്തെ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഭിലാഷ് പി. പ്രസാദ് കൊച്ചി തമ്മനം സ്വദേശിയാണ്. സംസ്‌കൃത അധ്യാപികയായ ശാരി അഭിലാഷാണ് ഭാര്യ. മക്കൾ അഥർവ് അഭിലാഷും ആത്രേയി അഭിലാഷുമാണ്.

പ്രധാനമന്ത്രിയുടെ അംഗീകാരം വലിയ പ്രചോദനമാണെന്നും സംസ്‌കൃതത്തെ ജീവനുള്ള ഭാഷയായി കൂടുതൽ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അഭിലാഷ് പറഞ്ഞു.

Share This Article