കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യനില വിലയിരുത്തുന്നതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധന നടത്തിവരികയാണ്.
കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി സലിം കുമാർ ചികിത്സയിലായിരുന്നു. ഇതിനിടെ അദ്ദേഹം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പൊതുപരിപാടികളിലും സാംസ്കാരിക വേദികളിലും സലിം കുമാർ സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെയുണ്ടായ ഒരു പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ദേശീയ പുരസ്കാര ജേതാവും മലയാള സിനിമയിലെ പ്രമുഖ നടനുമായ സലിം കുമാറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആരാധകരും സിനിമാലോകവും കാത്തിരിക്കുകയാണ്.
English Summary
Actor Salim Kumar has been admitted to a private hospital in Kochi following health issues. He is under medical observation, and a team of specialists is assessing his condition. The National Award-winning actor had previously undergone treatment and a liver transplant surgery due to liver-related ailments.
